Connect with us

Wayanad

വയനാട്ടിലും ഇടുക്കിയിലും ഹര്‍ത്താല്‍ പൂര്‍ണം

Published

|

Last Updated

കല്‍പ്പറ്റ: എല്‍ ഡി എഫ് നടത്തിയ 12 മണിക്കൂര്‍ വയനാട് ഹര്‍ത്താല്‍ പൂര്‍ണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീക്കം നടത്തുന്നതിനെതിരെയായിരുന്നു ഹര്‍ത്താല്‍.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ടൗണുകളില്‍ വാഹനങ്ങള്‍ തടഞ്ഞതൊഴിച്ചാല്‍ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില പകുതിയിലും താഴെയായിരുന്നു. കലക്ടറേറ്റില്‍ 35 ശതമാനം ജീവനക്കാരാണ് ജോലിക്കെത്തിയത്.
കെ എസ് ആര്‍ ടി സിയും കാര്യമായി സര്‍വീസുകള്‍ നടത്തിയിട്ടില്ല. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് നാലും മാനന്തവാടിയില്‍ നിന്ന് മൂന്നും സര്‍വീസുകളാണ് നടത്തിയത്. ഹര്‍ത്താലനുകൂലികള്‍ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം പ്രതിഷേധപ്രകടനം നടത്തി.
കസ്തൂരിരംഗന്‍ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള നീക്കം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭ‘പരിപാടികളുമായി രംഗത്ത് വരുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. വയനാട് സംരക്ഷണസമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂരിപക്ഷം മേഖലയേയും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു എല്‍ ഡി എഫ് ഇടുക്കി ജില്ലയില്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഹൈറേഞ്ച് സംരക്ഷണസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിന്തുണച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില 30 ശതമാനത്തില്‍ താഴെയായിരുന്നു. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങള്‍ അങ്ങിങ്ങ് ഓടിയതൊഴിച്ചാല്‍ ഹര്‍ത്താല്‍ നാടിനെ നിശ്ചലമാക്കി.
കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. രാവിലെ മുതല്‍ തൊടുപുഴ, അടിമാലി, നെടുങ്കണ്ടം, മൂന്നാര്‍, കട്ടപ്പന, കുമളി, പീരുമേട്, ഏലപ്പാറ, ചെറുതോണി തുടങ്ങിയ മേഖലകളിലെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. പല മേഖലകളിലും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാരെ ആക്രമിച്ചിട്ടില്ല.
വെങ്ങല്ലൂരിലും ഹൈറേഞ്ചിലെ ഏതാനും മേഖലകളിലും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ശക്തമായ നിലപാട് മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇടുക്കിയിലേക്കു വന്ന യാത്രക്കാര്‍ വലഞ്ഞു. തോട്ടം മേഖലയില്‍ ഭാഗികമായി ജോലി നടന്നു. തേക്കടിയിലും മൂന്നാറിലും എത്തിയ വിനോദസഞ്ചാരികളെയും ഹര്‍ത്താല്‍ വലച്ചു.