Connect with us

Kasargod

കേന്ദ്ര സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കാസര്‍കോട്: ആരോപണ വിധേയനായ കേന്ദ്ര സര്‍വകലാശാല റജിസ്ട്രാറെ പിരിച്ചുവിട്ടു. കേന്ദ്ര സര്‍വകലാശാലയിലെ രണ്ട് ജീവനക്കാരികളെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയേതുടര്‍ന്നാണ് റജിസ്ട്രാര്‍ ഡോ. കെ എം അബ്ദുര്‍റഷീദിനെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തത്. രാഷ്ട്രപതിയുടെ അനുമതിയോടെ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ആരോപണ വിധേയനായ ഡോ. കെ എം അബ്ദുര്‍റഷീദ് അഞ്ച് മാസമായി സസ്‌പെന്‍ഷനിലായിരുന്നു. റജിസ്ട്രാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരി 24നും മാര്‍ച്ച് 12നും രണ്ട് പരാതികള്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു ലഭിച്ചിരുന്നു. തുടര്‍ന്ന് സര്‍വകലാശാല കംപ്ലയിന്‍സ് കമ്മിറ്റി (യു സി സി) രജിസ്ട്രാറുടെയും പരാതിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയെടുത്തിരുന്നു. രജിസ്ട്രാര്‍ കുറ്റക്കാരനാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്കും തുടര്‍ന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനും കൈമാറി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മെയ് 20ന് രജിസ്ട്രാറിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആരോപണം സംബന്ധിച്ച് കെ എം അബ്ദുര്‍റഷീദ് രാഷ്ട്രപതിക്കും കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിനും വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി.

Latest