Connect with us

Alappuzha

സമരം ചെയ്ത് സര്‍ക്കാരിനെ തളര്‍ത്താമെന്നത് സി പി എമ്മിന്റെ വ്യാമോഹം: വയലാര്‍ രവി

Published

|

Last Updated

ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്ത് സര്‍ക്കാരിനെ തളര്‍ത്താമെന്നത് സി പി എമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുവദിക്കില്ലെന്ന തരത്തിലുളള ഇടതുപക്ഷത്തിന്റെ സമരം അപലപനീയമാണെന്നും ഇത്തരം സമരത്തിലൂടെ യു ഡി എഫിനേയും സര്‍ക്കാരിനേയും തളര്‍ത്താന്‍ കഴിയുമെന്നാണ് സി പി എം കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രവി . ഏതൊരു പാര്‍ട്ടിക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. മുഖ്യമന്ത്രിയെ വഴി നടക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് പ്രതിപക്ഷത്തിന് യോജിച്ച സമരരീതിയല്ല. ആര്‍ക്കെതിരേയും ആക്ഷേപങ്ങള്‍ ഇല്ലെന്നിരിക്കെ പുകമറ സൃഷ്ടിച്ച് സമരം നടത്തുന്നതും കോലാഹലം ഉണ്ടാക്കുന്നതും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പദ്ധതികളുമായാണ് യു പി എ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തൊഴിലുറപ്പ് പദ്ധതി കണ്ട് ലോകരാഷ്ട്രങ്ങള്‍ പോലും അന്തം വിടുകയാണ്. ഇതും പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ഭക്ഷ്യസുരക്ഷാപദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കിയതിലൂടെ ഇന്ദിരാഗാന്ധിയുടെ മുദ്രാവാക്യമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. കണ്‍വന്‍ഷന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.

Latest