Connect with us

Kerala

കരിപ്പൂര്‍ വികസനം: ഒരിഞ്ച് ഭൂമി പോലും വിട്ട് നല്‍കില്ല - സമര സമിതി

Published

|

Last Updated

മലപ്പുറം: മരിക്കേണ്ടി വന്നാലും കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് വേണ്ടി ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്ന് പ്രദേശവാസികള്‍. തങ്ങളുടെ ജീവിത സമ്പാദ്യമായ ഭൂമി തങ്ങള്‍ക്ക് തന്നെ അവകാശപ്പെട്ടതാണ്. ആയതിനാല്‍ ഒരു തരി മണ്ണ് പോലും ഇനി വിട്ട് നല്‍കാനാകില്ല. കഴിഞ്ഞ 12 തവണയും എല്ലാം സഹിച്ചാണ് ഭൂമി വിട്ടു നല്‍കിയത്. ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടും തങ്ങളുടെ പൂര്‍ണ സഹകരണത്തോടെയാണ് കരിപ്പൂര്‍ വിമനത്താവളം ഇത്രയേറെ വികസിച്ചത്. വികസനത്തിന്റെ പേരില്‍ നിരന്തരം പ്രദേശവാസികളെ വേട്ടയാടാന്‍ ഇനി അനുവദിക്കില്ല. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ നെടിയിരുപ്പ്, കൊണ്ടോട്ടി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി 224 ഏക്കര്‍ സ്ഥലം ഏറ്റുടുക്കുന്നതിന് വേണ്ടി 1000ല്‍ അധികം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. മാത്രമല്ല തലമുറകള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ കൊണ്ടോട്ടി ജി വി എച്ച് എസും ഇ എം ഇ എ കോളജിന്റെ പ്രധാന ഭാഗങ്ങളും എയര്‍പോര്‍ട്ടിന്റെ വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്നുണ്ട്. ഇതിനെ എന്തുവിലകൊടുത്തും തടയാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. വിമാനത്താവളത്തിന്റെ വികസനം വന്‍ പാരിസ്ഥിതിക ആഘാതങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കുക. റണ്‍വേ നിരപ്പാക്കാന്‍ ലക്ഷക്കണക്കിന് ക്യൂബിക്ക് മണ്ണ് ആവശ്യമായി വരും. ഇതോടെ സമീപ പ്രദേശങ്ങളില്‍ അവശേഷിക്കുന്ന കുന്നുകള്‍ കൂടി നാമാവശേഷമാകും. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും വ്യവസായി സംഘടനയായ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും സമ്മര്‍ദ തന്ത്രങ്ങളും ഗൂഢാലോചനയുമാണ് ഇതിന് പിന്നില്‍. ഇരകളെയോ, സമര സമിതി നേതാക്കളേയോ വിളിക്കാതെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളെ മാത്രമാണ് ജില്ലാ ഭരണകൂടം ചര്‍ച്ചക്ക് വിളിക്കുന്നത്. അതുകൊണ്ടു തന്നെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് തങ്ങളെ വിളിച്ചാല്‍ പങ്കെടുക്കില്ല. പ്രദേശത്തെ ജനങ്ങളെ സമരത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാതയിലേക്ക് നയിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില നിര്‍ദേശങ്ങളും സംയുക്ത സമര സമിതി മുന്നോട്ട് വെക്കുന്നുണ്ട്. നിലവിലെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ വിമാനം നിര്‍ത്തുവാനുള്ള സൗകര്യമൊരുക്കലാണ് ഒരു നിര്‍ദ്ദേശം. റണ്‍വേയുടെ വടക്ക് ഭാഗത്ത് ഏഴ് നില കെട്ടിടം നിര്‍മിച്ചാല്‍ മാത്രമേ റണ്‍വേ നിരപ്പില്‍ എത്തുകയുള്ളൂ, ആയതിനാല്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം ടെര്‍മിനലായി ഉപയോഗിക്കാം. താഴെയുള്ള ഭാഗം പാര്‍ക്കിംഗിനായും ഉപയോഗിക്കാം. എയര്‍പോര്‍ട്ടിനുള്ളിലെ സ്‌കൂളും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും 1996 ല്‍ ഏറ്റെടുത്ത് തരിശായി കിടക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് ഈ സ്ഥലം റണ്‍വേയുടെ വികസനത്തിന് ഉപയോഗിക്കാം. എന്നാല്‍ ഇങ്ങനെയുള്ള പോംവഴികളൊക്കെ ഉണ്ടായിട്ടും സ്ഥലം ഏറ്റെടുക്കാനുള്ള അധികൃതരുടെ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാനാണ് പ്രദേശവാസികളുടെയും സംയുക്ത സമര സമിതിയുടെയും ജന പ്രതിനിധികളുടെയും തീരുമാനം.