Connect with us

National

ആയുധവുമായെത്തിയ യു എസ് കപ്പലിലെ ജീവനക്കാര്‍ അറസ്റ്റില്‍

Published

|

Last Updated

തൂത്തുക്കുടി: അനധികൃതമായി വന്‍ ആയുധ ശേഖരവുമായി എത്തിയ അമേരിക്കന്‍ കപ്പല്‍ “സീമന്‍ ഗാര്‍ഡ് ഒഹിയോ”യിലുണ്ടായിരുന്ന 35 പേരെ ഇന്നലെ പുലര്‍ച്ചെ തമിഴ്‌നാട് ക്യു ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ക്യു ബ്രാഞ്ച് എസ് പി ഭുവനേശ്വരി, തൂത്തുക്കുടി എസ് പി എം ദുരൈ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒക്‌ടോബര്‍ പന്ത്രണ്ട് മുതല്‍ കപ്പല്‍ വി ഒ ചിദംബരനാര്‍ തുറമുഖത്താണുള്ളത്.
കപ്പല്‍ ജോലിക്കാരായ പത്ത് പേരും 25 സെക്യൂരിറ്റി ഗാര്‍ഡുകളുമാണ് അറസ്റ്റിലായത്. ഇവരില്‍ 33 പേരെ തൂത്തുക്കുടിയിലെ മുത്തയ്യാപുരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റിലായ രണ്ട് പേരെ അറ്റകുറ്റപ്പണികള്‍ക്കായി കപ്പലില്‍ തന്നെയാക്കിയിരിക്കുകയാണ്.
കപ്പലിലുണ്ടായിരുന്ന 31 എ കെ 47 റൈഫിളുകളും വെടിയുണ്ടകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്നവരുടെയും തൂത്തുക്കുടിയിലെ അവരുടെ ഏജന്റുമാരിലൊരാളുടെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. കന്യാകുമാരിക്ക് സമീപത്ത് നിന്ന് തീരസംരക്ഷണ സേനയാണ് ജലാതിര്‍ത്തി ലംഘിച്ചു കടന്ന അമേരിക്കന്‍ കപ്പല്‍ പിടികൂടിയത്. തുടര്‍ന്ന് കപ്പലിനെ തൂത്തുക്കുടി തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. കപ്പല്‍ ജോലിക്കാരില്‍ എട്ട് പേര്‍ ഇന്ത്യക്കാരും രണ്ട് പേര്‍ ഉക്രൈന്‍ സ്വദേശികളുമാണ്.
സെക്യൂരിറ്റി ഗാര്‍ഡുമാരില്‍ ആറ് പേര്‍ ബ്രിട്ടീഷുകാരും പതിനാല് എസ്റ്റോണിയക്കാരും നാല് ഇന്ത്യക്കാരും ഒരാള്‍ ഉക്രൈന്‍ സ്വദേശിയുമാണ്.
അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിന് ആയുധ നിയമമനുസരിച്ചും അനധികൃതമായി ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ നിന്ന് ഇന്ധനം ശേഖരിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തങ്ങള്‍ സഞ്ചരിച്ചത് ഇന്ത്യന്‍ സമുദ്രാര്‍ത്തിക്കപ്പുറമാണെന്ന് സ്ഥാപിച്ചാല്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്ന് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് നെഹ്ചാല്‍ സന്ധു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ വരെയാണ് ഇന്ത്യന്‍ അതിര്‍ത്തി. അതിനപ്പുറം എന്ത് സംഭവിച്ചാലും നമ്മുടെ നിയന്ത്രണത്തില്‍ വരുന്നതല്ലെന്നുമായിരുന്നു കപ്പല്‍ പിടികൂടിയതിനെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സന്ധു മറുപടി നല്‍കിയത്.
കടല്‍ക്കൊള്ളക്കാരുടെ ശല്യത്തില്‍ നിന്ന് ചരക്ക് കപ്പലുകളെ സംരക്ഷിക്കാന്‍ വേണ്ടി ഏല്‍പ്പിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് കപ്പലിലുള്ളവര്‍ പറയുന്നത്. പക്ഷേ, ഇത് തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ പക്കലില്ലെന്നാണ് വിവരം. കപ്പല്‍ കൊച്ചി തീരത്തും എത്തിയിരുന്നു. മാവോയിസ്റ്റുകള്‍ക്കുള്ള ആയുധവുമായാണ് കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തിയതെന്നാണ് സുരക്ഷാ വൃത്തങ്ങളുടെ നിഗമനം. കപ്പലിന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലായിരുന്നെന്ന് തീരദേശ പോലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest