Connect with us

Gulf

യു എന്‍ രക്ഷാ സമിതി അംഗത്വം സഊദി അറേബ്യ നിരസിച്ചു

Published

|

Last Updated

***രക്ഷാ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വമില്ല”

റിയാദ്: യു എന്‍ രക്ഷാ സമിതിയിലേക്കുള്ള അംഗത്വം സഊദി അറേബ്യ നിരസിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിലവിലെ പതിനഞ്ചംഗ രക്ഷാ സമിതിക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു എന്‍ രക്ഷാ സമിതയിലേക്കുള്ള ക്ഷണം സഊദി അറേബ്യ വേണ്ടെന്നു വെച്ചത്. പത്തംഗ അസ്ഥിര അംഗത്വത്തിലേക്ക് സഊദി അറേബ്യയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് രക്ഷാ സമിതയിലേക്ക് വരാന്‍ താത്പര്യമില്ലെന്ന് സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. സിറിയയടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും രക്ഷാ സമിതി പരാജയപ്പെട്ടുവെന്നും സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ അനിവാര്യമായതൊന്നും ചെയ്യാന്‍ രക്ഷാ സമിതിക്ക് സാധിച്ചിട്ടില്ലെന്നും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പലപ്പോഴും ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താതെ അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കാന്‍ സിറിയന്‍ സൈന്യത്തെ അനുവദിക്കുകയാണ് രക്ഷാ സമിതി ചെയ്തതെന്നും സഊദി അറേബ്യ കുറ്റുപ്പെടുത്തി.
റഷ്യ, യു എസ്, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നി അഞ്ച് സ്ഥിരാംഗത്വ രാജ്യങ്ങളുള്ള യു എന്‍ രക്ഷാ സമിതിയിലെ അസ്ഥിരാംഗത്വ പദവിയിലേക്ക് ഇതാദ്യമായാണ് സഊദി അറേബ്യയെ തിരഞ്ഞെടുത്തത്.
സിറിയന്‍ വിഷയത്തില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സഊദി അറേബ്യ, ഈ വിഷയത്തില്‍ അമേരിക്കക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. സിറിയയുടെ സഖ്യമായ റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സിറിയക്കെതിരായ പ്രമേയങ്ങള്‍ രക്ഷാ സമിതിയില്‍ തള്ളി പോയത് സഊദി അറേബ്യയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് രക്ഷാ സമിതയിലെ അംഗ്വത്വം വേണ്ടെന്ന് വെക്കാന്‍ സഊദിയെ പ്രേരിപ്പിച്ചതെന്ന് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, സിറിയന്‍ വിഷയത്തിന് പുറമെ ആറര പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഫലസ്തീന്‍ വിഷയം പരിഹരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണ് അംഗത്വം നിരസിച്ചതിന് പിന്നിലുള്ള കാരണങ്ങളിലൊന്നെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. യു എന്‍ രക്ഷാ സമിതിയുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest