Connect with us

Gulf

വി ഐ പി സംരക്ഷണത്തില്‍ ദുബൈ പോലീസ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

Published

|

Last Updated

ദുബൈ: നാലു വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ക്ക് വി ഐ പി പ്രൊട്ടക്ഷന്‍ പരിശീലനം നല്‍കിയതായി ദുബൈ പോലീസ് വ്യക്തമാക്കി. മോട്ടോര്‍ ബൈക്ക് ഡ്രൈവിംഗ് പരിശീലനവും സ്വയം രക്ഷക്കുള്ള ടെക്‌നിക്കുകളും അധികം വൈകാതെ ഇവരെ പരിശീലിപ്പിക്കുമെന്നും ദുബൈ പോലീസിന്റെ യൂണിറ്റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ വ്യക്തമാക്കി.

പുതുതായി പരിശീലനം നേടിയവര്‍ മികച്ച കേഡറ്റുകളാണ്. 2013ന്റെ ആദ്യ മാസം മുതല്‍ വനിതാ പോലീസ് വിഭാഗം 110 ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 15 എണ്ണവും ഹൈ പ്രൊഫൈല്‍ വ്യക്തികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടവയാണ്. 44 എണ്ണം ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിനും 24 എണ്ണം വി ഐ പികളുടെ സുരക്ഷണത്തിനും 18 എണ്ണം കായികവിനോദങ്ങളുമായി ബന്ധപ്പെട്ടും ആറെണ്ണം കോണ്‍ഫ്രന്‍സും മൂന്നെണ്ണം എക്‌സിബിഷനുമായി ബന്ധപ്പെട്ടുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം വനിതാ വിഭാഗം 220 ദൗത്യങ്ങളായിരുന്നു ഏറ്റെടുത്തത്. ഇതില്‍ വി ഐ പികളുടെ സംരക്ഷണവും മറ്റ് പ്രാധാന്യമര്‍ഹിക്കുന്ന ദൗത്യങ്ങളും ഉള്‍പ്പെട്ടിരുന്നു. രാജ്യത്തിന്റെ ഭരണ നേതൃത്വം സ്ത്രീകളുടെ കഴിവില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഇതിന് അടിസ്ഥാനം. വനിതാ വിഭാഗത്തിന്റെ സന്നദ്ധതയെയും കഴിവിനെയും വനിതാ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ മസൂദ് ഇബ്രാഹിം പ്രകീര്‍ത്തിച്ചു. ഏല്‍പ്പിച്ച ദൗത്യങ്ങല്‍ കൃത്യമായും സ്തുത്യര്‍ഹമായും വനിതാ വിഭാഗം നിര്‍വഹിച്ചിട്ടുണ്ട്. പോലീസ് സേനയുടെ അഭിമാനമാണ് ഈ വിഭാഗം. ഏത് സാഹചര്യത്തിലും പതറാതെ ഏല്‍പ്പിക്കുന്ന ദൗത്യം മികച്ച രീതിയില്‍ ചെയ്യാന്‍ വനിതാ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. വനിതാ പോലീസ് വിഭാഗം മികച്ച കാര്യക്ഷമതയാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് പരിശീലന വിഭാഗത്തിലെ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് ഇബ്രാഹിം അഹമ്മദും വ്യക്തമാക്കി.
ജോലിയോടുള്ള ആത്മാര്‍ഥതയും ചുറുചുറുക്കും ശുഷ്‌കാന്തിയും എല്ലാവരെക്കാള്‍ മികച്ചു നില്‍ക്കുന്നതായി പരിശീലനത്തിന് ഇടയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. വളരെ കടുത്ത പരിശീലന അവസ്ഥയില്‍ പോലും മനസാന്നിധ്യം വിടാതെ അണുവിട പോലും വീഴ്ചവരാതെയാണ് ഈ വിഭാഗം പരിശീലനം പൂര്‍ത്തിയാക്കിയത്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് സമാനമായ പരിശീലനം തന്നെയാണ് സ്ത്രീകള്‍ക്കും സേന നല്‍കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് മൊത്തം നല്‍കുന്ന പരിശീലനത്തില്‍ ദൈര്‍ഘ്യത്തില്‍ മാത്രമാണ് കുറവുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ 15 വര്‍ഷത്തെ സേവന കാലം പരിശോധിച്ചാല്‍ സ്ത്രീകള്‍ പോലീസ് പോലുള്ള സേനകളില്‍ ജോലിചെയ്യുന്നതില്‍ സമൂഹം പുലര്‍ത്തിയിരുന്ന മനോഭാവം ഏറെ മാറിയിട്ടുണ്ടെന്നാണ് വ്യക്തമാവുന്നതെന്ന് നാദിയ യൂസുഫ് അല്‍ തുവൈനി അഭിപ്രായപ്പെട്ടു. സമൂഹം ഇന്ന് കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. അവര്‍ക്ക് വസ്തുതകള്‍ ഉള്‍ക്കൊള്ളാനും കൂടുതല്‍ പാകതയും പക്വതയും ഉണ്ടായിരിക്കുന്നു. മുമ്പ് പുരുഷന്മാര്‍ മാത്രമാണ് പോലീസില്‍ ചേരാന്‍ തയ്യാറായിരുന്നതെങ്കില്‍ ഇന്ന് ധാരാളം സ്ത്രീകള്‍, മാന്യവും തങ്ങള്‍ക്ക് അഭിമാനത്തോടെ ചെയ്യാവുന്നതുമായ ഒരു തൊഴില്‍ മേഖലയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും പരിശീലനം ലഭിച്ച നാലു പേരില്‍ ഒരാളായ നാദിയ വ്യക്തമാക്കി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളും അകമഴിഞ്ഞ പിന്തുണയുമാണ് വനിതകളെ സേനയിലേക്ക് വരാന്‍ ഉല്‍സാഹിപ്പിക്കുന്നത്. ശൈഖ് മുഹമ്മദിന് രാജ്യത്തെ സ്ത്രീകള്‍ക്ക് ഏത് തൊഴിലും സ്തുത്യര്‍മായി ചെയ്യാനാവുമെന്ന തികഞ്ഞ പ്രതീക്ഷയുള്ളതായും അവര്‍ പറഞ്ഞു.

Latest