Connect with us

Gulf

അനധികൃത ജെറ്റ് സ്‌കീസ്: ആയിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍

Published

|

Last Updated

അബുദാബി: അനധികൃത ജെറ്റ് സ്‌കീസിനെതിരെ കര്‍ശന നടപടിയുമായി അബുദാബി അധികൃതര്‍. ലൈസന്‍സില്ലാതെ കടലില്‍ ജെറ്റ് സ്‌കീസ് നടത്തുന്നവര്‍ക്ക് 1,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ഡിപാര്‍ട്ട്‌മെന്റ്‌സ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കി. ഇത്തരം ജലകേളികളില്‍ ഏര്‍പ്പെടുന്നതിലൂടെ നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി ജെറ്റ് സ്‌കീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
ജെറ്റ് സ്‌കീസ് വാടകക്ക് നല്‍കുന്നവര്‍ 2013ന് അവസാനിക്കുന്നതിന് മുമ്പായി അവ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവക്ക് ആയിരം ദിര്‍ഹം വരെ പിഴ ചുമത്തും. പുതുതായി ഏര്‍പ്പെടുത്തുന്ന നിയമം അനുസരിക്കാത്ത ജെറ്റ് സ്‌കീസ് പിടിച്ചെടുക്കാന്‍ കോസ്റ്റ് ഗാര്‍ഡിനോടും മറ്റ് തീര സുരക്ഷാ അതോറിറ്റിയോടും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിച്ചാലാവും നടപടി സ്വീകരിക്കുക.
തന്ത്രപ്രധാനമായ മേഖലയില്‍ ഇത്തരം ജലകേളികള്‍ക്ക് അനുമതി നല്‍കില്ല. കടല്‍ക്കരയില്‍ നിന്നും 500 അടിയെങ്കിലും ഉള്‍ഭാഗത്ത് മാത്രമേ ഇവയ്ക്ക് സവാരി നടത്താന്‍ അനുമതി നല്‍കൂ. ഉദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും ഇവ കടലില്‍ ഇറക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. 14 വയസിന് താഴെയുള്ളവര്‍ ഇന്‍സ്ട്രക്ടറുടെ അഭാവത്തില്‍ ജെറ്റ് സ്‌കിസിന് മുതിര്‍ന്നാല്‍ 500 ദിര്‍ഹമായിരിക്കും പിഴ. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടായാലും 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ജെറ്റ് സ്‌കിസില്‍ ഏര്‍പ്പെടുന്നവര്‍ 25 കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇത് ജറ്റ് സ്‌കീസ് നടത്തുന്നവര്‍ക്കൊപ്പം ഇവ വാടകക്ക് നല്‍കുന്ന കമ്പനികള്‍ക്കും ബാധകമായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ ജെറ്റ് സ്‌കീസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 1,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരുമെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസത്തിലെ മരീടൈം ആക്ടിംഗ് ഡയറക്ടര്‍ ഹുമൈദ് സാബെര്‍ അല്‍ ഹാമിലി മുന്നറിയിപ്പ് നല്‍കി.
സ്വന്തം ഉടമസ്ഥതയിലുള്ള ജെറ്റ് സ്‌കീസുകള്‍ നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹമായിരിക്കും പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാവും. ഇതോടൊപ്പം ജെറ്റ് സ്‌കീസിന് ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടുകയും ചെയ്യും. ജെറ്റ് സ്‌കീസിന് മുകളില്‍ തിരിച്ചറിയാനായി പ്ലേറ്റുകള്‍ ഘടിപ്പിക്കണം. ഇതിന് തയ്യാറാവത്തവ കോസ്റ്റ് ഗാര്‍ഡ് കണ്ടുകെട്ടും. തലസ്ഥാനത്ത് 37 കമ്പനികള്‍ ജെറ്റ് സ്‌കീസ് വാടകക്ക് നല്‍കുന്നുണ്ട്. ഈ കമ്പനികള്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടില്‍ അവരുടെ ജെറ്റ് സ്‌കീസിന്റെ എഞ്ചിനുകള്‍ പരിശോധിച്ച് വകുപ്പില്‍ നിന്നും രജിസ്‌ട്രേഷന്‍ വാങ്ങേണ്ടതാണ്. ജെറ്റ് സ്‌കീസ് ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ക്ക് നല്‍കുന്നവര്‍ക്കെതിരായി കര്‍ശന നടപടി സ്വീകരിക്കും. ഇതില്‍ മാനസിക ശാരീരിക ബുദ്ധിമുട്ട് അനുവദിക്കുന്നവരും ഉപയോഗിക്കാന്‍ വേണ്ടുന്ന മിനിമം പ്രായം ആവാത്തവരും ഉള്‍പ്പെടും. ജെറ്റ് സ്‌കീസ് നടത്തുന്നവര്‍ ഇത് ഉപയോഗിക്കാന്‍ അറിയുന്നവരും നീന്തല്‍ വശമുള്ളവരും ആയിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Latest