Connect with us

Palakkad

മംഗലം ഡാമില്‍ കനത്ത പേമാരിയും ഉരുള്‍പൊട്ടലും

Published

|

Last Updated

മംഗലംഡാം: മംഗലംഡാം, ഒലിപ്പാറ മലയോര മേഖലയില്‍ കനത്ത പേമാരിയും ഉരുള്‍പൊട്ടലും. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അപ്രതീക്ഷിതമായി മണിക്കൂറുകള്‍ നീണ്ട കനത്ത മഴയും ഇതേ തുടര്‍ന്ന് വനമേഖലയില്‍ ശക്തമായ ഉരുള്‍പൊട്ടലും ഉണ്ടായത്.
ശക്തമായ ഇടിവെട്ടും മലയോരമേഖലയിലുണ്ടായിരുന്നു. ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മംഗലംഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഇന്നലെ പുലര്‍ച്ചെ രണ്ടിന് തുറന്നു. ആറു ഷട്ടറുകളും 25 സെന്റിമീറ്റര്‍ ഉയരത്തിലാണ് തുറന്നത്. 94 എംഎം മഴയാണ് ഇന്നലെ മംഗലംഡാമില്‍ രേഖപ്പെടുത്തിയത്.
ഡാമിന്റെ ഷട്ടറുകളെല്ലാം തുറന്നതോടെ കണിയമംഗലം, മമ്പാട്, മംഗലംപുഴകള്‍ കരകവിഞ്ഞു. കണ്ണമ്പ്ര,പുതുക്കോട് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി. മംഗലംപുഴയില്‍ പൊടുന്നനെ വെള്ളം പൊങ്ങിയത് ദേശീയപാതയിലൂടെയുള്ള വാഹനയാത്രക്കാരില്‍ കൗതുകമുണര്‍ത്തി.
വാഹനം നിര്‍ത്തി മൊബൈലില്‍ പുഴയുടെ പടം എടുക്കാനുള്ള തിരക്കും കാണാമായിരുന്നു. എന്നാല്‍ വടക്കഞ്ചേരി മേഖലയില്‍ ബുധനാഴ്ച രാത്രി കനത്ത മഴയുണ്ടായിരുന്നില്ല. പാലക്കുഴിയിലും കനത്ത മഴ പെയ്തു. ഇതേതുടര്‍ന്ന് തിണ്ടില്ലം വെള്ളച്ചാട്ടം ശക്തമായി.
ഒലിപ്പാറ വെളളാട്ടിരി, ചെളിക്കയം തുടങ്ങിയ മലയോരമേഖലയില്‍ കനത്ത ജലപ്രവാഹമുണ്ടായി. കലങ്ങിമറിഞ്ഞ വെള്ളത്തിന് ഉരുള്‍പൊട്ടലിന്റെ ദുര്‍ഗന്ധവും നല്ല തണുപ്പും ഉണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. നെല്ലിയാമ്പതി മലകളുടെ തുടര്‍ച്ചയാണ് വെള്ളാട്ടിരി മലനിരകള്‍.
മലയോരമേഖലയില്‍ കനത്ത മഴ പെയ്‌തെങ്കിലും മറ്റു സമീപപ്രദേശങ്ങളിലെല്ലാം കാര്യമായി മഴ പെയ്തില്ല. ഇതുമൂലം ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ആളുകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടി.കടപ്പാറയില്‍ മഴക്കാലത്ത് പലതവണ ഉരുള്‍പൊട്ടലുണ്ടാകാറുണ്ടെങ്കിലും അപായകരമായ മലവെള്ളപ്പാച്ചില്‍ മഴ സീസണ്‍ കഴിഞ്ഞ് ഒക്ടോബറിലാണ് ഉണ്ടായിരിക്കുന്നത്. വെള്ളാട്ടിരി, പപ്പടപ്പാറ, കുഞ്ചിയാര്‍പതി, കാരപ്പാറ തുടങ്ങിയ മലമ്പ്രദേശങ്ങള്‍ക്ക് താഴെയാണ് കടപ്പാറ.

Latest