Connect with us

Palakkad

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

Published

|

Last Updated

പാലക്കാട്: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി റിമാന്‍ഡ് ചെയ്തു. പാലക്കാട് താലൂക്കിലെ കൊടുമ്പ് വില്ലേജ് ഓഫീസര്‍ പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി കെ സതീഷ്‌കുമാര്‍(45)നെ ആണ് ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ അറസ്റ്റ് ചെയ്തത്.
പൊല്‍പ്പുള്ളി മുരളി വിഹാറിലെ ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന പി ജി ഗോപകുമാര്‍ നല്‍കിയ പരാതിയിന്മേലാണ് സതീഷ്‌കുമാറിനെതിരെ നടപടിയെടുത്തത്. പാലക്കാട് വിജിലന്‍സ് ഡി വൈ എസ് പി ചാര്‍ജുള്ള ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വ്യാഴാഴ്ച രാത്രിയോടെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പരാതിക്കാരനായ ഗോപകുമാര്‍ രണ്ടുദിവസം മുമ്പ് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനായി കൊടുമ്പ് വില്ലേജ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. വില്ലേജ് ഓഫീസറായ സതീഷ്‌കുമാര്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കുന്നതിനായി 10,000രൂപ ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വിജിലന്‍സിന് ഗോപകുമാര്‍ പരാതി നല്‍കി. ഫിനോഫ്ത്തലിന്‍ പൗഡര്‍ പൂശിയ 9000രൂപ ഗോപകുമാര്‍ വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലിയായി നല്‍കി. തുടര്‍ന്നെത്തിയ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ കൈക്കൂലി നല്‍കിയ 9000 രൂപയും 4500 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. പാലക്കാട് താലൂക്ക് തഹസില്‍ദാറുടെ നേതൃത്വത്തില്‍ സതീഷ്‌കുമാറിന്റെ വേര്‍കോലിയിലെ വീട്ടിലും തിരച്ചില്‍ നടത്തി. വില്ലേജ് പരിധിയില്ലുള്ള ആളുകളില്‍ നിന്നും ഇതിനുമുമ്പും നിരവധി പരാതി ലഭിച്ചിരുന്നു.
വിവരാകാശനിയമത്തിന്റേയോ അഴിമതിവിമുക്ത മുന്നറിയിപ്പോ വിജിലന്‍സിന്റെ നമ്പറോ ഓഫീസിലെവിടെയും സ്ഥാപിക്കാത്തതിനെതിരെയും വിജിലന്‍സ് നടപടിയെടുത്തു.

Latest