Connect with us

Palakkad

മുങ്ങിയ ചിട്ടിക്കമ്പനി ഉടമക്കെതിരെ പരാതിപ്രളയം

Published

|

Last Updated

ചിറ്റൂര്‍: ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയ ചിട്ടിക്കമ്പനി ഉടമക്കെതിരേ പരാതി പ്രളയം. ചിറ്റൂര്‍ ഗവ.കോളജിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന മുല്ലക്കല്‍ ചിറ്റ്‌സ്(പ്രൈവ) ലിമിറ്റഡ് എന്ന സ്വകാര്യ ചിട്ടികമ്പനി ഉടമകള്‍ ഇടപാടുകാരില്‍ നിന്ന് കോടികള്‍ തട്ടി കഴിഞ്ഞ ചൊവാഴ്ച കമ്പനി അടച്ചുപൂട്ടിയിരുന്നു.
ഇതുസംബന്ധിച്ച് അന്നുതന്നെ 35 കേസുകള്‍ കമ്പനിക്കെതിരേ ചിറ്റൂര്‍ പോലീസില്‍ രജസ്റ്റര്‍ ചെയ്തു. എന്നാല്‍, വിഷയം കൂടുതല്‍ പേര്‍ അറിഞ്ഞതോടെ ബുധനാഴ്ച 314 പേര്‍ ചിറ്റൂര്‍ പോലീസില്‍ പരാതിയുമായി എത്തി. മുഴുവന്‍ പരാതിക്കാരും സാധാരണക്കാരായിട്ടുള്ള തൊഴിലാളികളാണ്.
ഇടപാടുകാരെ ചിട്ടിയില്‍ ചേര്‍ക്കുന്നതിനും പണം പിരിക്കുന്നതിനുമായി കമ്പനി തിരഞ്ഞെടുത്ത ഫീല്‍ഡ് ഓഫീസര്‍മാരും ഉള്‍പ്രദേശങ്ങളിലും മറ്റു ഭാഗങ്ങളിലുമുള്ള സാധാരണ സ്ത്രീകളെയാണ്. കുറിയിലേക്കുള്ള പണം കൂട്ടുന്ന മുറക്ക് അടച്ചാല്‍ മതിയെന്നുള്ളതും പണം ലഭിക്കുന്നതിന് കൂടുതല്‍ രേഖകള്‍ വേണ്ടെന്നതും കാണിച്ചാണ് കമ്പനി ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നേടിയെടുത്തത്.
ഇതിനായി ആദ്യകാലങ്ങളില്‍ കുറിയില്‍ ചേര്‍ന്നവര്‍ക്ക് ജാമ്യമില്ലാതെ തന്നെ ണപം നല്‍കിയിരുന്നു. ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 15 ഫീല്‍ഡ് ഓഫീസര്‍മാരില്‍ നിന്ന് 1500 ലധികം പേരാണ് ചിട്ടിയില്‍ ചേര്‍ന്നിട്ടുള്ളത്.
അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ പരാതികളുടെ എണ്ണം ഉയരും. ചിട്ടിയില്‍ ചേര്‍ത്തിയവരും പണപ്പിരിവ് നടത്തുന്നവരും സാധാരണക്കാരായ സ്ത്രീകളായതിനാല്‍ പണം നഷ്ടപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി പറയേണ്ട സ്ഥിതിയാണ്.
ഇതിനകം തന്നെ ഇവര്‍ക്കെതിരേ ഭീഷണിയുമുണ്ടായി. തുടര്‍ന്ന് ഇവരും കമ്പനിക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ്.
ചിറ്റൂര്‍ മേഖലയില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ ഗോപാലപുരം കേന്ദ്രീകരിച്ച് 30 ഓളം ചിട്ടികമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഫരിദാബാദ്, ജമ്മുകശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്. റിസര്‍വ് ബേങ്ക് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ചിട്ടികമ്പനികളെ കണ്ടെത്തി നടപടിയെടുക്കേണ്ട പോലീസ് അധികൃതരും ഇതു കണ്ടില്ലെന്ന് നടിക്കുകയാണ്.
ചിറ്റൂരില്‍ തട്ടിപ്പ് നടത്തിയ മുല്ലക്കല്‍ ചിട്ട്‌സിനെ കുറിച്ച് മൂന്ന് മാസം മുമ്പ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകാത്തത് ചിട്ടി ഉടമയ്ക്ക് പണം തട്ടാനുള്ള അവസരമായി മാറുകയായിരുന്നു.

Latest