Connect with us

Eranakulam

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Published

|

Last Updated

കൊച്ചി: ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവരുള്‍പ്പെടെ മൂന്ന് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത ചെയര്‍പേഴ്‌സണ്‍ പാറുക്കുട്ടി, വൈസ് ചെയര്‍മാന്‍ എസ് ശെല്‍വന്‍, കൗണ്‍സിലര്‍ കെ ബാബു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിക്കാര്‍ കൗണ്‍സില്‍ യോഗത്തില്‍ വോട്ടു ചെയ്യുന്നതും അധ്യക്ഷ സ്ഥാനത്ത് തുടരുന്നതും കോടതി തടഞ്ഞിട്ടുണ്ട്.
സി പി എം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ഐ മെമ്പര്‍മാരായി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ അനുകൂലിച്ചത് കൂറുമാറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് പേരെയും അയോഗ്യരാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗത്വം രാജിവെക്കാത്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍. തങ്ങളുടെ വിശദീകരണം കണക്കിലെടുക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കാന്‍ ഉത്തരവിട്ടതെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest