Connect with us

Ongoing News

വനഭൂമി പണയപ്പെടുത്തി വായ്പ; ബേങ്കുകളില്‍ സമര്‍പ്പിച്ചത് വ്യാജരേഖകള്‍

Published

|

Last Updated

പാലക്കാട്: വനഭൂമി പണയപ്പെടുത്തി കോടികള്‍ വായ്പയെടുക്കാന്‍ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ബേങ്കുകളില്‍ സമര്‍പ്പിച്ചത് വ്യാജരേഖകള്‍. സി ബി ഐ തിരുവനന്തപുരം യൂനിറ്റ് നെല്ലിയാമ്പതിയിലെ റവന്യൂ ഓഫീസില്‍ നടത്തിയ അന്വേഷണത്തിലാണ് വനഭൂമി പോക്ക് വരവ് ചെയ്യാന്‍ ചമച്ച അറുപത്തിനായിരത്തിലധികം വ്യാജരേഖകള്‍ കണ്ടെത്തിയത്.
എട്ട് എസ്റ്റേറ്റുകള്‍ ചേര്‍ന്ന് 17.7 കോടി രൂപയാണ് വനഭൂമി പണയം വെച്ച് വായ്പയെടുത്തത്. നെല്ലിയാമ്പതിയില്‍ റിസര്‍വ് വന പ്രദേശമായ 3770.26 ഏക്കര്‍ ഭൂമിയാണ് വിവിധ സ്വകാര്യ ബേങ്കുകളില്‍ പണയത്തിലിരിക്കുന്നത്. നെല്ലിയാമ്പതിയില്‍ നൂറ് വര്‍ഷത്തേക്ക് പാട്ടത്തിന് ലഭിച്ച വനഭൂമി പണയം വെച്ച് 11.7 കോടി രൂപ എസ്റ്റേറ്റുകള്‍ വായ്പ എടുത്തിട്ടുണ്ട്. കോടതി നിര്‍ദേശപ്രകാരം സി ബി ഐയുടെ തിരുവനന്തപുരം യൂനിറ്റാണ് നെല്ലിയാമ്പതി എസ്റ്റേറ്റുകളില്‍ വായ്പക്രമക്കേട് അന്വേഷിക്കുന്നത്. വ്യാജരേഖ ചമച്ചാണ് വായ്പകള്‍ തരപ്പെടുത്തിയത് എന്നാണ് പ്രാഥമിക പരിശോധന നടത്തിയ സി ബി ഐ സംഘത്തിന് ലഭിച്ച വിവരം. എസ്റ്റേറ്റുകള്‍ ബേങ്കില്‍ ഹാജരാക്കിയ പോക്കുവരവ്, വനംകരം, കൈവശവകാശ രേഖ എന്നിവയില്‍ 80 ശതമാനവും വ്യാജമാണ്. മീരാഫ്‌ളോര്‍സ്, കാരപ്പാറ, ചെറുനെല്ലി. ബ്രൂക്ക് ലാന്‍ഡ്‌സ്, സ്മിത മൗണ്ട്. മണലാരു, ചന്ദ്രാമല എസ്റ്റേറ്റുകള്‍ എട്ട് സ്വകാര്യ ബേങ്കുകളില്‍ ഇത്തരത്തില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വായ്പകള്‍ നേടിയിട്ടുണ്ട്.
1920 മുതല്‍ തിരുവിതാംകൂര്‍, കൊച്ചി, കൊല്ലംങ്കോട്, രാജവംശങ്ങളുടെ പാട്ടക്കരാര്‍ പ്രകാരമാണ് നൂറിലേറെ വര്‍ഷങ്ങളായി എസ്റ്റേറ്റ് ഉടമകള്‍ നെല്ലിയാമ്പതി എസ്റ്റേറ്റ് കൈവശപ്പെടുത്തി ആദായം എടുത്തിരുന്നത്. സ്വാതന്ത്ര്യാന്തരം സര്‍ക്കാര്‍ പാട്ടക്കരാര്‍ പുതുക്കി നല്‍കിയെങ്കിലും 1980ല്‍ ഭേദഗതി ചെയ്ത് സമഗ്രമാക്കിയ കേന്ദ്ര വനനിയമത്തിന് കീഴിലാണ് കരാറുകളെന്നും വ്യക്തമാക്കിയിരുന്നു. 20 വര്‍ഷക്കാലയളവില്‍ നെല്ലിയാമ്പതി വില്ലേജ് ഓഫീസിലെ 17 വില്ലേജ് ഓഫീസര്‍മാരുടെ കീഴിലും നെന്മാറ വനം ഡിവിഷനിലെ സര്‍വേയര്‍മാരുടെ മേല്‍നോട്ടത്തിലും സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചും തട്ടിപ്പുകള്‍ നടന്നു. പാട്ടഭൂമി, കരംപിരിവ് രേഖകള്‍ എന്നിവ കൈവകാശ രേഖകളാക്കാന്‍ റവന്യൂ രജിസ്‌ട്രേഷന്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായവും എസ്‌റ്റേറ്റുടമകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് സി ബി ഐ പിടിച്ചെടുത്ത രേഖകള്‍ വ്യക്തമാക്കുന്നു.