Connect with us

Kottayam

മന്ത്രിസഭാ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ മന്ത്രിസഭയിലുണ്ടെന്ന് പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: മന്ത്രിസഭാ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചില വൃത്തികെട്ടവര്‍ യു ഡി എഫ് മന്ത്രിസഭയിലുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ജോര്‍ജിനെതിരേ മന്ത്രിസഭാ യോഗത്തില്‍ ചില അംഗങ്ങള്‍ പൊട്ടിത്തെറിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പത്രസമ്മേളനത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമയെ കണ്ടെത്തണം. മന്ത്രിസഭയിലിരുന്ന് അപ്പപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുന്നവരുണ്ട്. ഇതുതന്നെയാണ് ഡാറ്റ സെന്റര്‍ കേസിലും സംഭവിച്ചത്. സി ബി ഐ അന്വേഷണത്തിനുള്ള മന്ത്രിസഭാ തീരുമാനം നന്ദകുമാറിന് ചോര്‍ത്തിക്കൊടുത്തത് ആരാണ്. ഡാറ്റ സെന്റര്‍ കേസില്‍ താന്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയുമായി മുന്നോട്ടുപോകും. 21ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകുമെന്നും ജോര്‍ജ് അറിയിച്ചു. മുന്നണി രാഷ്ര്ടീയമെന്നത് പലതിനും മറ പിടിക്കാനുള്ള ഒന്നല്ല. അത്തരം ഇടപാടുകളെ താന്‍ അംഗീകരിക്കില്ല. രാജിവെക്കുകയാണെങ്കില്‍ ഒറ്റക്കല്ല, കുറച്ചുപേര്‍കൂടി കാണുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. തന്നെ നിയന്ത്രിക്കുമെന്ന് പറയാന്‍ കെ എം മാണിക്ക് അവകാശമുണ്ട്. അദ്ദേഹം നിയന്ത്രിക്കുന്നുമുണ്ട്. തന്റെ സംസാര ഭാഷയില്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് താന്‍ അംഗീകരിക്കുന്നു. അതില്‍ തനിക്കു ദുഃഖമുണ്ട്. തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാറിലിരുന്നു കൊണ്ടുതന്നെ പോരാട്ടം തുടരും.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടയാനുള്ള എല്‍ ഡി എഫ് തീരുമാനം മാന്യമല്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോട് ചെയ്യുന്നതു കാണുമ്പോള്‍ എങ്ങനെ കുറ്റപ്പെടുത്താനാകും. പിണറായി വിജയന്‍ തെറ്റുകാരനാണെന്ന നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. താന്‍ പറഞ്ഞതു മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളാണ് കുഴപ്പങ്ങളുണ്ടാക്കിയത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തനിക്ക് ഒരു പ്രശ്‌നം മാത്രമേയുള്ളൂ. തന്നെ കൊല്ലാന്‍ വന്നവരെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം മാത്രമാണത് . ഈ നിലയില്‍ മുന്നോട്ട് പോയാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന് 20 സീറ്റിലും ജയിക്കുമെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. എന്നാല്‍ യു ഡി എഫാണോ എല്‍ ഡി എഫാണോയെന്ന ചോദ്യത്തിന് ഒരു ചിരിമാത്രമായിരുന്നു മറുപടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തുന്നതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ ആര് ഹര്‍ത്താല്‍ നടത്തിയാലും ജനം അനുകൂലിക്കും. മലയോര കര്‍ഷകരെ ഭൂരഹിതരും ഭവന രഹിതരുമാക്കാനുള്ള ഏതൊരു നീക്കത്തെയും രാഷ്ട്രീയ പരിഗണനകള്‍ കൂടാതെ കേരളാ കോണ്‍ഗ്രസ്(എം) ചെറുക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു.