Connect with us

Editorial

അഴിമതിക്കാര്‍ക്ക് ചൂട്ട് പിടിക്കരുത്

Published

|

Last Updated

കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയെക്കുറിച്ച വിജിലന്‍സ് അന്വേഷണം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ ചൊല്ലി അട്ടിമറിക്കപ്പെടുന്നതായുള്ള വാര്‍ത്ത ഉത്കണ്ഠാജനകമാണ്. കഴിഞ്ഞ മാസം 30ന് “ഓപ്പറേഷന്‍ അന്നപൂര്‍ണ” എന്ന പേരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ 26 കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പ്രാഥമിക കണക്കില്‍ തന്നെ 60 കോടിയുടെ വെട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് പൊതുമാര്‍ക്കറ്റില്‍ അരിക്ക് ശരാശരി കിലോക്ക് 24 രൂപ വിലയുള്ളപ്പോള്‍ കൊല്ലത്തെ ഒരു മൊത്തവ്യാപാരിയില്‍ നിന്ന് 29 രൂപക്കാണ് കണ്‍സ്യൂമര്‍ഫെഡ് അരി വാങ്ങിയത്. ഇതിലൂടെ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ പോക്കറ്റുകളിലേക്ക് വീണത് കോടികളാണ്. ടെന്‍ഡര്‍ നടപടികളിലും നിയമനത്തിലും ക്രമക്കേടുകള്‍, സ്‌റ്റോക്കില്‍ കൃത്രിമം, വര്‍ഷങ്ങളായി ഓഡിറ്റിംഗ് ഇല്ല തുടങ്ങി എം ഡി ഉള്‍പ്പെടെ 18 പേരെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ വിജിലന്‍സിന് ലഭിക്കുകയുണ്ടായി. എം ഡിയുടെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിലെ രഹസ്യ അക്കൗണ്ടില്‍ അഞ്ച് കോടി രൂപയുടെ ക്രമക്കേട് നടന്നതായും എട്ട് ലക്ഷത്തോളം രൂപ വിനോദാവശ്യങ്ങള്‍ക്കായി ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സിന്റെ കണക്കുകള്‍ അപൂര്‍ണമാണെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 384.70 കോടിയുടെയെങ്കിലും അഴിമതി സ്ഥാപനത്തില്‍ നടന്നിട്ടുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകനായ അഡ്വക്കറ്റ് ഹൃദേശ് ചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ തെളിവ് സഹിതം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ആരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്ത അപ്രധാനമായ രണ്ട് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യുന്ന പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പ്രതികളുടെ വിവരം സാധാരണ ഉള്‍പ്പെടുത്താറുണ്ടെങ്കിലും ഇവിടെ അതൊഴിവാ ക്കുകയായിരുന്നു. കണ്‍സ്യൂമര്‍ഫെഡിലെ അന ധികൃത നിയമനം, സാധനങ്ങള്‍ വാങ്ങുന്ന തിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെയും ക്രമക്കേട്, ടെന്‍ഡര്‍ നടപട ികളുമായി ബന്ധപ്പെട്ട ക്രമക്കേട്, ധനവിനിയോഗങ്ങളിലെ ധൂര്‍ത്ത് തടുങ്ങി അഞ്ച് കേസുകളില്‍ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ്, ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഉള്‍പ്പോര് രാഷ്ട്രീയത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് രണ്ട് അപ്രധാന കേസുകളില്‍ അന്വേഷണം ഒതുക്കിയതെന്നാണ് വിവരം.
ഐ ഗ്രൂപ്പ് ഭരണത്തിലുള്ള കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് അന്വേഷണം കോണ്‍ഗ്രസ് ഗൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും എ ഗ്രൂപ്പിനുള്ള തക്കീതായി തിരുവഞ്ചൂര്‍ ആസൂത്രണം ചെയ്തതാണ് “ഓപ്പറേഷന്‍ അന്നപൂര്‍ണ”യെന്നും ഐ ഗ്രൂപ്പ് വിശ്വസിക്കുന്നു. റെയ്ഡിന് ആധാരമായ പരാതി പോലും തിരുവഞ്ചൂരിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയതാണെന്നും അവര്‍ ആരോപിക്കുന്നു. ഇതെച്ചൊല്ലി യു ഡി എഫ് യോഗത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ തിരുവഞ്ചൂരിനെ രൂക്ഷമായി വിമശിക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ സമഗ്രമായ ഒരന്വേഷണത്തിന് ഉത്തരവിടുന്നത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്നത് കൊണ്ടായിരിക്കണം ആരെയും പ്രതി ചേര്‍ക്കാതെ അന്വേഷണം നാമമാത്രമായി പരിമിതപ്പെടുത്തിയത്.
അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി സഹകരണ വകുപ്പ് സ്ഥാപിച്ച പൊതുവിതരണ ശൃംഖലയാണ് കണ്‍സ്യൂമര്‍ ഫെഡ്. വര്‍ഷങ്ങളായി ഇതിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. 23 ഇനങ്ങളാണ് ഫെഡിന്റെ സ്‌റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നത്. ഇതില്‍ അരി, പഞ്ചസാര, മല്ലി, മുളക് തുടങ്ങി 14 ഇനങ്ങള്‍ക്കാണ് സബ്‌സിഡി. ഫെഡിന്റെ സ്‌റ്റോറുകളില്‍ മിക്കപ്പോഴും സബ്‌സിഡി സാധനങ്ങള്‍ കാണില്ലെന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതുകൊണ്ട് ഉദ്ദേശിച്ച ഗുണമുണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. ഫെഡിന്റെ തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടും ക്രമക്കേടുകളും വഴിവിട്ട പ്രവര്‍ത്തനവുമാണ് സ്ഥാപനത്തിന്റെ വഴിവിട്ട പോക്കിന് കാരണം. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഇത് സ്ഥിരീകരിക്കുകയും കോടികളുടെ അഴിമതി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ഭരണ തലത്തില്‍ കര്‍ശന അച്ചടക്ക നടപടി പ്രഖ്യാപിക്കുകയും ചെയ്തിരിക്കെ ഒരു പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് ഒതുക്കാനായി കണ്‍സ്യൂമര്‍ ഫെഡിലെ വന്‍ വെട്ടിപ്പും കൊള്ളയും മൂടിവെക്കാന്‍ ശ്രമിക്കുന്നത് നാടിനോടും ജനങ്ങളോടും കാണിക്കുന്ന കൊടിയ വഞ്ചനയും ദ്രോഹവുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുകയും അധികാരത്തിലെത്തിയാല്‍ അഴിമതിക്കാര്‍ക്ക് ചൂട്ട് പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ വഞ്ചനാത്മക നയമാണ് രാജ്യത്ത് അഴിമതി തഴച്ചു വളരാന്‍ ഇടയാക്കുന്നത്.