Connect with us

Idukki

ഇടുക്കിയിലും വയനാട്ടിലും ഇന്ന് ഹര്‍ത്താല്‍

Published

|

Last Updated

ഇടുക്കി/കല്‍പ്പറ്റ: കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ ഡി എഫ് ജില്ലാ കമ്മിറ്റികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. ഹര്‍ത്താലിന് വയനാട്ടില്‍ ഹരിത സേനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പത്രം, പാല്‍, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയില്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
ജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തി തീരുമാനമെടുപ്പിക്കുന്നതില്‍ ജില്ലയിലെ എം പിയും എ എല്‍ എമാരും പരാജയപ്പെട്ടതായും ജില്ലയില്‍ നിന്ന് മന്ത്രിയുള്‍പ്പെടെയുള്ളവരുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്നും വയനാട് ജില്ലാ എല്‍ ഡി എഫ്് കണ്‍വീനര്‍ കെ വി മോഹനന്‍ പറഞ്ഞു. കര്‍ഷകരുടെ പ്രയാസങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഇവര്‍ക്കായില്ലെന്നും അദ്ദേഹം ആരോപിച്ചു. ക്രൈസ്്തവ സഭ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇന്‍ഫാമും ഇടുക്കിയില്‍ ഹര്‍ത്താലിന് പിന്തുണ നല്‍കുന്നുണ്ട്.
ഇടുക്കിയിലെ 48 വില്ലേജുകളെയും പരിസ്ഥിതി ദുര്‍ബലമായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മലയോര ജനതയുടെ സംരക്ഷണത്തിനായാണ് ഹര്‍ത്താലെന്ന് എല്‍ ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 1,84,286 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പശ്ചിമഘട്ട മേഖല പരിസ്ഥിതി ദുര്‍ബലമായി പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്നാണ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട്.