Connect with us

Malappuram

ഇ ലോകത്തെ മലയാളം ഈ മലപ്പുറത്തുകാരന്റെ വിജയഗാഥ

Published

|

Last Updated

മലപ്പുറം: ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും കൈവെക്കാന്‍ മടിച്ചിരുന്നവര്‍ക്ക് ബൈജുവിനോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല. ഈ മലപ്പുറത്തുകാരനാണ് ആദ്യമായി കമ്പ്യൂട്ടറിലേക്കും മൊബൈല്‍ ഫോണിലേക്കും മാതൃഭാഷയെ കൊണ്ടുവന്നത്. ഇന്ന് ഈ ഉപകരണങ്ങളില്‍ ഇംഗ്ലീഷ് പോലെ മലയാളം കൊണ്ട് കളിക്കുന്ന പലര്‍ക്കും മലപ്പുറം ജില്ലയിലെ അരീക്കോട് പത്തനാപുരം സ്വദേശി എം ബൈജുവിനെ അറിയില്ല.

2001 മുതലാണ് ഇന്റര്‍നെറ്റില്‍ മലയാളം ലഭ്യമായി തുടങ്ങിയത്. അതിന് മുമ്പും മലയാളം ടൈപ്പ് ചെയ്യാനുള്ള ആസ്‌കി സംവിധാനം (ഐ എസ് എം രീതി) ഉണ്ടായിരുന്നെങ്കിലും ഇന്റര്‍നെറ്റിലോ മൊബൈല്‍ ഫോണിലോ ഇത് സപ്പോര്‍ട്ട് ചെയ്യുമായിരുന്നില്ല. ഇക്കാലത്ത് കോഴിക്കോട് ആര്‍ ഇ സിയില്‍ സിവില്‍ എന്‍ജീനീയറിംഗിന് പഠിക്കുകയായിരുന്ന ബൈജു തുടങ്ങിവെച്ച മലയാളം ലിനക്‌സ് എന്ന ഓണ്‍ലൈന്‍ സംരംഭമാണ് പിന്നീട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന പേരില്‍ വികസിച്ചത്. വിവര സാങ്കേതികവിദ്യാ രംഗത്തുള്ളവരും ഭാഷാപ്രവര്‍ത്തകരുമൊക്കെ പിന്നീട് ഇതിന് പിന്തുണ നല്‍തി. രാവിലെ ഏഴ് മുതല്‍ പന്ത്രണ്ട് വരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സൗകര്യം അന്ന് കോളജിലുണ്ടായിരുന്നു. ഇന്റര്‍നെറ്റിലൂടെ വിവരങ്ങളെല്ലാം ഇംഗ്ലീഷിലാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്തുകൊണ്ട് ഇത് മലയാളത്തിലും ലഭ്യമാക്കികൂടായെന്ന ചിന്തയാണ് മലയാളം ലിനക്‌സിലേക്ക് എത്തിച്ചതെന്ന് ബൈജു പറയുന്നു. ഇക്കാലത്ത് തെലുങ്ക്, ഹിന്ദി ഭാഷകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ആന്ധ്രാപ്രദേശിലെ ഗുണ്ടുപിള്ളി കരുണാകര്‍ എന്നയാളെ ഇന്റര്‍നെറ്റ് വഴി പരിചയപ്പെടാനായത് ബൈജുവിന്റെ ഓണ്‍ലൈന്‍ പ്രൊജക്ടിനെ ഏറെ സഹായിച്ചു. അക്ഷരരൂപം (ഫോണ്ട്) നിര്‍മിക്കലായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതിസന്ധി. ഇതിനും വഴിയുണ്ടായി. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട നെതര്‍ലാന്‍ഡ് സ്വദേശി ജെറോണ്‍ ഹെല്ലിംഗ്മാന്റെ സഹായത്തോടെ മെറ്റാഫോണ്ടിന് തുടക്കം കുറിച്ചു. ഇടക്കാലത്ത് ജോലി സംബന്ധമായ തിരക്കുകള്‍ കാരണം മലയാളം കമ്പ്യട്ടിംഗില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ച്ച പ്രാപിച്ചതോടെ കാര്യങ്ങള്‍ക്ക് വേഗം കൂടി.
ഇന്ത്യയിലെ സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രസ്ഥാനത്തിലും (എഫ് എസ് എഫ്) ജോലിചെയ്ത ബൈജു പൈത്തണ്‍ പ്രോഗ്രാമര്‍ കൂടിയാണിപ്പോള്‍. പിന്നീട് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ മീര, രചന തുടങ്ങിയ ഫോണ്ടുകളും വികസിപ്പിച്ചെടുത്തതോടെ ഇന്റര്‍നെറ്റില്‍ മലയാളം കമ്പ്യൂട്ടിംഗ് സാധ്യമായി തുടങ്ങി. ആര്‍ക്കും ഉപയോഗിക്കാനും പകര്‍പ്പെടുക്കാനും സാധിക്കുന്ന വിധത്തിലാണ് ഈ യൂനിക്കോഡ് ഫോണ്ടുകളുള്ളത്. ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും മലയാള ലഭ്യതക്കായി ഈ ഫോണ്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന് രൂപംനല്‍കിയ ബൈജുവിനെ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ വ്യാഴവട്ടം ആഘോഷത്തില്‍ ആദരിച്ചിരുന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ജി. നാഗാര്‍ജുനയാണ് ആദരിച്ചത്.

 

Latest