Connect with us

International

ധാരണയായി; യു എസ് 'അടച്ചുപൂട്ടലി'ന് താത്കാലിക വിരാമം

Published

|

Last Updated

വാഷിംഗ്ടണ്‍: പതിനാറ് ദിവസം പിന്നിട്ട അമേരിക്കന്‍ “അടച്ചുപൂട്ടലി”ന് താത്കാലിക പരിഹാരം. കടമെടുക്കല്‍ പരിധി നീട്ടാനുള്ള അവസാന തീയതിയായ ഇന്നലെ പ്രസിഡന്റ് ബരാക് ഒബാമയും റിപ്പബ്ലിക്കന്‍ അംഗങ്ങളും ധാരണയിലെത്തിയതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞത്. കടമെടുപ്പ് ബില്ല് സെനറ്റും ജനപ്രതിനിധി സഭയും പാസ്സാക്കുകയും പ്രസിഡന്റ് ഒപ്പുവെക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് തുടങ്ങി. കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ബജറ്റ് പാസ്സാക്കാനാകാതെ വന്നതോടെയാണ് ഈ മാസം ഒന്നിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സെനറ്റില്‍ മാത്രമാണ് ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക് ഭൂരിപക്ഷമുള്ളത്. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മേല്‍ക്കൈ. ഇരു സഭകളും പാസ്സാക്കിയാല്‍ മാത്രമേ ബജറ്റ് നിലവില്‍ വരികയുള്ളൂ. ബജറ്റ് പാസ്സാക്കാതെ വരുമ്പോഴുള്ള താത്കാലിക സംവിധാനമായാണ് കടമെടുപ്പ് ബില്ലിനെ കാണുന്നത്.
ഇന്നലെയോടെ ധാരണയിലെത്തിയിരുന്നില്ലെങ്കില്‍ ബില്ലുകള്‍ മാറാനുള്ള പണം ഇല്ലാതെ സര്‍ക്കാര്‍ പൂര്‍ണമായ പാപ്പര്‍സ്യൂട്ടിലേക്ക് നീങ്ങുമായിരുന്നു. ഈ അവസ്ഥ ലോകത്തെയാകെ ബാധിക്കുമെന്ന് ഐ എം എഫും ലോകബേങ്കും മുന്നറിയിപ്പ് നല്‍കിയതോടെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അനുരഞ്ജന ചര്‍ച്ച സജീവമാകുകയായിരുന്നു. ഇതിന്റെ പരിസമാപ്തിയിലാണ് താത്കാലികമായി സഹകരിക്കാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തീരുമാനിച്ചത്. അടിയന്താവസ്ഥ മറികടക്കാനുള്ള ധാരണയെ ചൈന സ്വാഗതം ചെയ്തു. ഏഷ്യയിലെ പ്രധാന ഓഹരി കമ്പോളങ്ങളില്‍ ഉണര്‍വ് പ്രകടമായി. അമേരിക്കയില്‍ നിന്ന് ഇപ്പോള്‍ കേട്ടത് നല്ല വാര്‍ത്തയാണെന്ന് ഐ എം എഫ് മേധാവി ക്രിസ്റ്റ്യന്‍ ലഗാര്‍ഡ് പറഞ്ഞു.
കടമെടുപ്പ് ബില്ല് പാസ്സായതോടെ ജനുവരി 15വരെ സര്‍ക്കാറിന് ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കാം. ട്രഷറിയുടെ കടമെടുപ്പ് അധികാരം ഫെബ്രുവരി ഏഴ് വരെ ഉണ്ടാകുകയും ചെയ്യും. ഇപ്പോഴത്തേത് താത്കാലിക സംവിധാനം മാത്രമാണെന്ന് ചുരുക്കം. ബജറ്റ് പാസ്സാക്കുക തന്നെയാണ് ദീര്‍ഘകാല പരിഹാരം. ഇതിനായി കൂടിയാലോചനകള്‍ തുടരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒബാമയുടെ അഭിമാന പദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതിയില്‍ തട്ടിയാണ് ചര്‍ച്ചകള്‍ തകരുന്നത്.
ഒബാമ കെയര്‍ എന്ന് പരിഹസിക്കപ്പെടുന്ന പദ്ധതി വന്‍ ധൂര്‍ത്താണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്രവാദികളായ ടീ പാര്‍ട്ടിക്കാര്‍ വാദിക്കുന്നു. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഏറെ ആശ്വാസകരമായ പദ്ധതി ഒബാമയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നും തങ്ങളുടെ വോട്ട് ബേങ്കായ അതിസമ്പന്നരില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുമെന്നും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിലയിരുത്തുന്നു. എന്നാല്‍ ഒബാമ കെയറില്‍ ഒരു മാറ്റവും വരുത്താന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ ഡെമോക്രാറ്റുകള്‍ ഉറച്ച് നില്‍ക്കുകയാണ്.
ഏറ്റവും ഒടുവില്‍ 1995-96 കാലത്താണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥ അഭിമുഖീകരിച്ചത്. ഇത്തവണത്തെ പ്രതിസന്ധിയില്‍ പത്ത് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചത്. ജോലിയിലുള്ളവരില്‍ പകുതി പേര്‍ക്കും ശമ്പളമില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മിക്ക സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ദേശീയ പാര്‍ക്കുകളും മ്യൂസിയങ്ങളും അടച്ച് പൂട്ടി. ഈ സ്ഥിതിയില്‍ നിന്ന് പൂര്‍ണമായി മുക്തമാകാന്‍ ദിവസങ്ങളെടുക്കും.

Latest