Connect with us

International

ലോകത്ത് 30 ദശലക്ഷം പേര്‍ അടിമകള്‍: പകുതിയും ഇന്ത്യയില്‍

Published

|

Last Updated

ലണ്ടന്‍: ലോകവ്യാപകമായി 30 ദശലക്ഷം പേര്‍ അടിമത്തം അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ പകുതിയും ഇന്ത്യയിലാണ്. ആസ്‌ത്രേലിയ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ 162 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേശ്യാലയങ്ങളിലേക്കുള്ള മനുഷ്യക്കടത്ത്, നിര്‍ബന്ധിത അടിമപ്പണി, കടബാധ്യതയെ തുടര്‍ന്ന് ബന്ദിയാക്കപ്പെടുക, ദാസ്യപ്പണി ഇവയെല്ലാം അടിമത്തത്തില്‍ പെടുന്നു.
ഇന്ത്യയില്‍ അടിമപ്പണി ഏറ്റവുമധികം നടക്കുന്നത് ക്വാറികളിലും ചുണ്ണാമ്പുചൂളകളിലുമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണങ്ങളും ഇന്ത്യയില്‍ വ്യാപകമാണ്. 29.8 ദശലക്ഷം പേരാണ് ലോകത്താകെ അടിമത്തം അനുഭവിക്കുന്നത്. ഇവരില്‍ 21 ദശലക്ഷവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെടുന്നവരാണെന്ന് രാജ്യാന്തര തൊഴില്‍ സംഘടന വ്യക്തമാക്കുന്നു.
അടിമ തൊഴിലാളികളില്‍ ഏറെ പേരും പരമ്പരാഗതമായി ഈ മേഖലയില്‍ എത്തിപ്പെടുന്നതാണ്. മറ്റുള്ളവരെ കടത്തിക്കൊണ്ടുവരുന്നതോ വില്‍ക്കപ്പെടുന്നതോ ആണ്. വിവാഹത്തിലൂടെയും ചിലര്‍ ചൂഷണത്തിന് ഇരയാകുന്നു. മത്സ്യബന്ധന ബോട്ടുകളില്‍ വേതനമില്ലാതെ ജോലി ചെയ്യാനും വീട്ടുജോലിക്കാരായും ഇവര്‍ മാറുന്നു. ജോലി, വിദ്യാഭ്യാസം എന്നിവ നല്‍കാമെന്ന വാഗ്ദാനത്തില്‍ ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം തന്ത്രപൂര്‍വം മോഹിപ്പിച്ചു കൊണ്ടു വന്നു കുടുക്കുന്ന രീതിയും വ്യാപകമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ലാഭത്തിനും ലൈംഗികതക്കും വേണ്ടി സ്വാതന്ത്ര്യം നിഷേധിച്ച് ചൂഷണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് “ദ ഗ്ലോബല്‍ സ്ലേവറി ഇന്‍ഡക്‌സ് 2013” എന്ന പഠന റിപ്പോര്‍ട്ടില്‍ അടിമത്തത്തിന് നല്‍കിയ നിര്‍വചനം. ലോകത്ത് അടിമത്തം നേരിടുന്നവരില്‍ മൂന്നിലൊരു ഭാഗവും പത്തു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
അടിമത്തം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഇന്ത്യ (13.9 ദശലക്ഷം)ക്കു തൊട്ടുപിന്നില്‍ ചൈനയാണ്. 2.9 ദശലക്ഷം അടിമപ്പണിക്കാരാണ് ചൈനയിലുള്ളത്. പാകിസ്താന്‍ (2.1 ദശലക്ഷം), നൈജീരിയ (701,000), എത്ത്യോപ്യ(651,000), റഷ്യ (516,000), തായ്‌ലന്‍ഡ് (473,000), കോംഗോ (462,000), മ്യാന്‍മര്‍ (384,000), ബംഗ്ലാദേശ് (343,000) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

---- facebook comment plugin here -----

Latest