Connect with us

Kerala

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം

Published

|

Last Updated

തിരുവനന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഡോ.കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സമവായം ഉണ്ടാക്കാന്‍ 21ന് സര്‍വകക്ഷിയോഗം വിളിച്ചു. ഈ യോഗത്തില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ പങ്കെടുക്കുന്ന ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കുന്നതിനാല്‍ പ്രതിപക്ഷം യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും. തങ്ങളുടെ അഭിപ്രായം രേഖമൂലം അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും അതേസമയം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലും റിപ്പോര്‍ട്ട് നടപ്പാക്കണം എന്നതാണ് കേരളത്തിന്റെ പൊതുസമീപനമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ വ്യക്തമാക്കി.
ഗോവ ഫൗണ്ടേഷന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും ഗ്രീന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരിക്കുകയുമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സ്വീകാര്യമാണെന്നും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അസ്വീകാര്യമെന്നുമാണ് കേന്ദ്രം ഗ്രീന്‍ ബെഞ്ചിനെ അറിയിക്കാന്‍ തീരുമാനിച്ചത്.
ഇതു കേരളത്തിന്റെ ആദ്യത്തെ വിജയമാണ്. കേരളത്തിന് ഒരുപരിധിവരെ ആശ്വാസം ലഭിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രം അഭിപ്രായം തേടിയിട്ടുണ്ട്. കേരളം ഇക്കാര്യത്തില്‍ പ്രാഥമിക നിലപാട് അറിയിച്ചു. അന്തിമനിലപാട് സര്‍വകക്ഷിയോഗത്തിന് ശേഷം സ്വീകരിക്കും.
ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ഒരാശങ്കയും വേണ്ടെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ കേരളത്തിന് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏറെ ആശ്വാസകരമാണെങ്കിലും കേരളത്തിന് എതിര്‍പ്പുള്ള ശിപാര്‍ശകളും അതിലുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

Latest