Connect with us

National

കര്‍ണാടകയില്‍ മുന്‍മന്ത്രി അറസ്റ്റില്‍

Published

|

Last Updated

ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്തുവെന്ന കേസില്‍ കര്‍ണാടക മുന്‍മന്ത്രിയും ബി ജെ പിയുടെ സിറ്റിംഗ് എം എല്‍ എയുമായ ആനന്ദ് സിംഗ് അറസ്റ്റില്‍. കഴിഞ്ഞ മാസം ഇരുപത് മുതല്‍ ഒളിവിലായിരുന്ന ആനന്ദ് സിംഗിനെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ഇത്രയും ദിവസം സിംഗപ്പൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്ത ഉടന്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം ബെല്ലാരി റോഡിലുള്ള സി ബി ഐ ഓഫീസില്‍ എത്തിച്ചു.

മുന്‍ ടൂറിസം മന്ത്രിയായ ആനന്ദ് സിംഗ് കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ എം എല്‍ എയാണ്. സ്വതന്ത്ര എം എല്‍ എമാരായ ബി നാഗേന്ദ്ര, സതീഷ് സെയ്ല്‍, ബി എസ് ആര്‍ കോണ്‍ഗ്രസം അംഗം സുരേഷ് ബാബു എന്നിവരാണ് ഇതിന് മുമ്പ് അറസ്റ്റിലായത്. അനധികൃത ഖനന കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഢിയുടെ അടുത്ത അനുയായിയാണ് സുരേഷ് ബാബു.
ആനന്ദ് സിംഗിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി മിനറല്‍സ് കമ്പനി അനധികൃതമായി രണ്ട് കമ്പനികള്‍ക്ക് ഇരുമ്പയിര് നല്‍കിയിരുന്നതായി സി ബി ഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2006- 07, 2010- 11 വര്‍ഷങ്ങളിലായി 77.4 ദശലക്ഷം ടണ്‍ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതായാണ് ലോകായുക്ത എന്‍ സന്തോഷ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം ഏഴിന് ആനന്ദ് സിംഗിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സി ബി ഐ പ്രത്യേക കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യുന്നതിന് വേണ്ടി സെപ്തംബറില്‍ സമന്‍സ് അയച്ചിരുന്നുവെങ്കിലും ആനന്ദ് സിംഗ് ഒളിവില്‍ പോകുകയായിരുന്നു.

 

Latest