Connect with us

National

നവീന്‍ പട്‌നായികിനെ ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ സി ബി ഐ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അതിനിടെ, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയെയും ഹിന്‍ഡാല്‍കൊ കമ്പനിയെയും ഉള്‍പ്പെടുത്തിയതിലൂടെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് സി ബി ഐ വ്യക്തമാക്കി. മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ പ്രതിരോധിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി.
2005ല്‍ ഹിന്‍ഡാല്‍കോക്ക് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കരി മന്ത്രാലയത്തിന് നവീന്‍ പട്‌നായിക് കത്തയച്ചിരുന്നു. കമ്പനിയുടെ അപേക്ഷ കല്‍ക്കരി മന്ത്രാലയം തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് സി ബി ഐ ചോദിച്ചറിയുക.
“മുന്‍ കല്‍ക്കരി സെക്രട്ടറി പരേഖിനെ സംബന്ധിച്ച് മറ്റ് ഏജന്‍സികള്‍ എന്താണ് പറയുന്നതെന്ന് തങ്ങള്‍ പരിഗണിക്കുന്നില്ല. സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അട്ടിമറിച്ച് ബിര്‍ളക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചത് പരേഖാണെന്നതിന് രേഖാമൂലമുള്ള തെളിവുകളുണ്ട്. സുപ്രീം കോടതി മേല്‍നോട്ടം വഹിക്കുന്ന കേസാണിത്. നിയമം അനുസരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. അന്വേഷണത്തിന്റെ പ്രഥമ ഘട്ടമാണിത്. സ്വന്തം ഭാഗം ന്യായീകരിക്കുന്നതിന് എല്ലാവര്‍ക്കും അവസരമുണ്ടാകും.” സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു.
അതിനിടെ, കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ന്യായീകരിച്ച് രംഗത്തെത്തി. അദ്ദേഹം സത്യസന്ധനാണെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. അതിന് ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറുകളുടെ ശിപാര്‍ശ അനുസരിച്ചാണ് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സഹമന്ത്രി വി നാരായണസ്വാമി പറഞ്ഞു. ഒന്നും മറച്ചുവെക്കാനില്ല. സുതാര്യമായാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, പരേഖിനെ പിന്തുണച്ച് മുന്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നത് സര്‍ക്കാറിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ തടയുമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. “സത്യസന്ധനും സമര്‍ഥനുമായ ഉദ്യോഗസ്ഥനാണ് പരേഖ്. സി ബി ഐ അന്വേഷണത്തെ സംബന്ധിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെയും മന്ത്രിയെയും ഒഴിവാക്കി അദ്ദേഹത്തിനെതിരെ മാത്രം എങ്ങനെയാണ് കേസെടുക്കുകയെന്ന് മനസ്സിലാകുന്നില്ല.” മുന്‍ കല്‍ക്കരി സെക്രട്ടറിയായ ഇ എ എസ് ശര്‍മ പറഞ്ഞു. ഇത്തരം നടപടികള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയുമെന്ന് മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. അതിനിടെ, പരേഖിനെതിരെ കേസെടുത്തതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഐ എ എസ് അസോസിയേഷന്‍ നാളെ യോഗം ചേരുന്നുണ്ട്.
കുമാരമംഗലം ബിര്‍ളക്കും പരേഖിനുമെതിരെ ചൊവ്വാഴ്ചയാണ് സി ബി ഐ കേസെടുത്തതത്. എട്ട് വര്‍ഷം മുമ്പ് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ബിര്‍ളക്ക് പങ്കാളിത്തമുള്ള അലൂമിനിയം നിര്‍മാതാക്കളായ ഹിന്‍ഡാല്‍കോ, നാല്‍കോ എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തിരുന്നു. ശതകോടികളുടെ അഴിമതിക്കേസില്‍ സി ബി ഐ നല്‍കുന്ന 14-ാമത്തെ എഫ് ഐ ആറാണിത്. 2005ലാണ് ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. മറ്റ് പ്രതികളുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്ന കുറ്റമാണ് കല്‍ക്കരി മന്ത്രാലയ മുന്‍ സെക്രട്ടറി പരേഖിനെതിരെ ചുമത്തിയിരിക്കുന്നത്. ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ച സമയത്ത് പരേഖായിരുന്നു സെക്രട്ടറി.