Connect with us

Kasargod

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ റെയ്ഡ് ശക്തമാക്കും

Published

|

Last Updated

കാസര്‍കോട്: പൊതുസ്ഥലത്തെ പുകയില നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിനും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന തടയുന്നതിന് സംയുക്ത പരിശോധന ശക്തമാക്കുന്നതിനും ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ്‌സഗീറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല യോഗം തീരുമാനിച്ചു. ഇതിനായി എ ഡി എമ്മിന്റെ നേതൃത്വത്തില്‍ ജില്ലാതല സ്‌ക്വാഡ് രൂപവത്കരിക്കും.
പുകയിലരഹിത കാസര്‍കോട് പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റേയും ഇതര വകുപ്പുകളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ നടപടി സ്വീകരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തുന്നത് തടയും. റവന്യൂ, പോലീസ്, എക്‌സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസവകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ കണ്ടെത്താന്‍ ജില്ലാതലത്തിലും പ്രാദേശികതലത്തിലും സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. പാന്‍മസാല വില്‍പന കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പുകയില നിയന്ത്രണ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ഉറപ്പാക്കും. വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പന നിരോധനം കര്‍ശനമായി നടപ്പാക്കും. സ്‌കൂള്‍ സംരക്ഷണസമിതികളുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. വ്യാപാരി വ്യവസായികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാനും ജില്ലാതല യോഗം തീരുമാനിച്ചു.
ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സിനിമാ ശാലകള്‍ എന്നിവിടങ്ങളില്‍ പുകയിലരഹിത സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ജില്ലയിലെ പുകയില കൃഷിക്കാരെ മറ്റ് കൃഷിയിലേക്ക് പ്രോത്സാഹിപ്പിച്ച് കേരളത്തെ പുകയില കൃഷിരഹിതമാക്കാനുളള നടപടി സ്വീകരിക്കും.പുകയില വിരുദ്ധ ബോധവതകരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ നിരോധിത പുകയില ഉത്പന്ന വില്‍പ്പന നടത്തുന്നത് നിരീക്ഷിച്ച് പരിശോധിക്കും.
യോഗത്തില്‍ എ ഡി എം. എച്ച് ദിനേശന്‍, പുകയില നിയന്ത്രണം ജില്ലാ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം സി വിമല്‍രാജ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, അഡ്വ. ത്രിവേണി കെ അഡിഗ, മോഹനന്‍ മാങ്ങാട്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളജ് അസോസിയേറ്റ് പ്രൊഫസര്‍ കെ സാജന്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പി കെ രഘുനാഥ്, രാജേഷ് ആര്‍ നായര്‍, സി എച്ച് ഉഷാകുമാരി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഡി മനോജ് കുമാര്‍, കെ തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest