Connect with us

Gulf

മാളുകളുടെ 48 മണിക്കൂര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം; ജീവനക്കാര്‍ക്ക് സമ്മിശ്ര പ്രതികരണം

Published

|

Last Updated

ദുബൈ: ഈദ് പ്രമാണിച്ച് നഗരത്തിലെ പ്രമുഖ മാളുകള്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് ജീവനക്കാര്‍ക്ക് സമ്മിശ്ര പ്രതികരണം. ഈദ് അവധി ആഘോഷിക്കാന്‍ വന്‍ തോതില്‍ വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് പ്രവഹിക്കുന്നത് കണക്കിലെടുത്താണ് ദുബൈ സര്‍ക്കാര്‍ പ്രമുഖ മാളുകള്‍ക്ക് ദീര്‍ഘനേരം പ്രവര്‍ത്തനാനുമതി നല്‍കിയത്. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദേര സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബൈ മാള്‍, അറേബ്യന്‍ സെന്റര്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, ലാംസി പ്ലാസ എന്നിവയാണ് ഈദുല്‍ അസ്ഹയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് വരെ പ്രവര്‍ത്തിക്കുന്നത്.

എമിറേറ്റിന്റെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കാനും ലോകത്തിന്റെ ഷോപ്പിംഗ് തലസ്ഥാനങ്ങളില്‍ ഒന്നായ ദുബൈയുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. എമിറേറ്റില്‍ സന്ദര്‍ശകരായി എത്തുന്നവരും നഗരത്തിലെ താമസക്കാരും മറ്റു എമിറേറ്റുകളില്‍ നിന്നും വിനോദത്തിനും ഷോപ്പിംഗിനുമായി വരുന്നവരുമെല്ലാം സര്‍ക്കാര്‍ തീരുമാനത്തെ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ഇത് രണ്ടാം വര്‍ഷമാണ് തുടര്‍ച്ചായി ദീര്‍ഘനേരം മാളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.
എന്നാല്‍ മാള്‍ ജീവനക്കാരില്‍ പലരും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്യേണ്ടുന്നതിന്റെ അസ്വസ്ഥതയും ചിലര്‍ വെളിപ്പെടുത്തി.
കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ ശമ്പളം ലഭിക്കുമെന്നത് സ്വാഗതാര്‍ഹമാണെന്ന് ഫെസ്റ്റിവല്‍ സിറ്റിയില്‍ ടെക്‌സ്റ്റൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മെഗ് ബ്ലഡ്‌സ് ബദ്ക്ക പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും പുലര്‍ച്ചെ ഒന്നിന് ശേഷം ജീവനക്കാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓര്‍മിച്ചു. കച്ചവടം ഉണ്ടായാലെ ഞങ്ങളുടെ വരുമാനവും വര്‍ധിക്കൂ. ആരും വരാതിരുന്നാല്‍ കൂടുതല്‍ സമയം ജോലിയെടുത്തിട്ടും പ്രയോജനം ലഭിക്കാത്ത അവസ്ഥയാവും ഉണ്ടാവുകയെന്നും മെഗ് പറഞ്ഞു. ഷോപ്പിംഗ് സമയം ദീര്‍ഘിപ്പിച്ചതിനെ ദുബൈയിലെ താമസക്കാരനായ റഹാഫ് ബുന്ദഖ്ജി സ്വാഗതം ചെയ്‌തെങ്കിലും പുലര്‍ച്ചെ വരെ ആരാവും ഷോപ്പിംഗിന് എത്തുകയെന്ന സംശയം പ്രകടിപ്പിക്കാനും ഈ ദുബൈ നിവാസി മറന്നില്ല.
ജി സി സി രാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ കൂട്ടമായി എത്തുന്നത് കച്ചവടം ഗണ്യമായി വര്‍ധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മിക്ക മാള്‍ ഉടമകളും. ഉപഭോക്താവിന് എന്തെല്ലാമാണ് വേണ്ടതെന്ന് ഞങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട്-മാജിദ് അല്‍ഫുത്തൈം പ്രോപ്പര്‍ട്ടീസിലെ മാനേജ്‌മെന്റ് ഉദ്യോഗസ്ഥനായ ഫൗദ് ശറാഫ് വ്യക്തമാക്കി.

Latest