Connect with us

Gulf

എങ്ങും ആഘോഷപ്പൊലിമ; വീര്‍പ്പുമുട്ടി നഗരങ്ങള്‍

Published

|

Last Updated

ദുബൈ/അബുദാബി/ഷാര്‍ജ: ത്യാഗത്തിന്റയും ആത്മസര്‍പ്പണത്തിന്റെയും സ്മരണകളുമായി ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യു എ ഇയും ബലി പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ 6.40 ഓടെ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനായി എത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകളും ഈദ്ഗാഹുകളും നിറഞ്ഞുകവിഞ്ഞു.

പ്രവാചക ശ്രേഷ്ഠരായ ഇബ്രാഹിം നബി (അ) ന്റെയും ഇസ്മാഈല്‍ നബി (അ) ന്റെയും ത്യാഗോജ്വല ജീവിതവും സന്ദേശനവും വിശ്വാസികള്‍ക്ക് പാഠമാകണമെന്ന് ഖത്തീബുമാര്‍ ഖുത്ബയില്‍ ഉത്‌ബോധിപ്പിച്ചു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒളിമങ്ങാത്ത ഏടുകളാണ് വിശുദ്ധ ഭൂമിയിലെ അറഫാ സംഗമത്തിലും മറ്റു ആരാധനയിലും അടങ്ങിയിരിക്കുന്നതെന്നും സ്‌നേഹത്തോടെയും കാരുണ്യത്തോടെയുമുള്ള ജീവിതം കരുപ്പിടിപ്പിക്കാന്‍ ആഘോഷം പര്യാപ്തമാകണമെന്നും ഖത്തീബുമാര്‍ ഉണര്‍ത്തി.
പ്രവാസി സമൂഹവും ആഹ്ലാദത്തോടെയാണ് പെരുന്നാള്‍ കൊണ്ടാടിയത്. നിസ്‌കാര ശേഷം സുഹൃത്തുക്കളെ ആലിംഗനം ചെയ്തും മറ്റും ഈദ് ആശംസ കൈമാറി. ശേഷം നാട്ടിലെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഈദ് ആശംസ അറിയിക്കുന്ന തിരക്കായി. നാട്ടില്‍ നാളെയാണ് ബലി പെരുന്നാള്‍ എന്നതിനാല്‍ ആശംസ പറയല്‍ നാളേക്ക് മാറ്റിയവരും ഉണ്ട്.
സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടി സന്തോഷം പങ്കുവെക്കലായിരുന്നു പിന്നീട്. പലരും മസ്ജിദുകള്‍ക്ക് സമീപവും റോഡിലും ഫോട്ടോക്ക് പോസ് ചെയ്തും സോഷ്യല്‍ മീഡിയകളില്‍ “ലൈവ് അപ്‌ഡേഷന്‍” നടത്തിയും ആഘോഷിച്ചു. ഉച്ചയോടെ കൂട്ടമായി ഭക്ഷണം കഴിച്ച ശേഷമാണ് പലരും പിരിഞ്ഞത്.
കുടുംബങ്ങള്‍ ഒത്തുകൂടി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും കുട്ടികളുടെ കളികളും മറ്റും ആഘോഷത്തിന് കൊഴുപ്പേകി. ബലിയറുക്കുന്നതിനും റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. പല കേന്ദ്രങ്ങളിലും വലിയ നിര ഇതിനായി രൂപപ്പെട്ടിരുന്നു. വിവിധ ആപ്ലിക്കേഷനുകളിലൂടെ വ്യക്തിപരമായും സംഘമായും ശബ്ദ, വീഡിയോ, ചിത്ര സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നതിനാല്‍ ആശംസ കൈമാറാന്‍ ഈ രീതിയാണ് സ്വീകരിച്ചത്. എസ് എം എസ് സന്ദേശങ്ങള്‍ താരതമ്യേന കുറവാണെങ്കിലും അത്തരം സന്ദേശങ്ങള്‍ക്ക് ആളുകള്‍ പ്രാധാന്യം നല്‍കുന്നത് കാണാമായിരുന്നു. വൈകുന്നേരമായതോടെ അങ്ങാടികളും മാളുകളും പാര്‍ക്കുകളും ആളുകളെ കൊണ്ട് നിറഞ്ഞു. ബസ് സ്റ്റാന്റുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇന്റര്‍ എമിറേറ്റ് ബസുകള്‍ക്കായി വളരെ വലിയ നിര രൂപപ്പെട്ടിരുന്നു. നിരവധി പ്രവാസി സംഘടനകള്‍ പാര്‍ക്കുകളിലും മറ്റും ഈദ് കൂട്ടായ്മകളും ഒരുക്കിയിരുന്നു. ദുബൈ യില്‍ സിറ്റി സെന്റര്‍, ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
അതേസമയം പെരുന്നാള്‍ തിരക്ക് കൊണ്ട് ഷാര്‍ജ വീര്‍പ്പ് മുട്ടി. രാവിലെ തന്നെ പെരുന്നാള്‍ നിസ്‌കാരത്തിനായി ജനം മസ്ജിദുകളിലും ഈദ്ഗാഹുകളിലും എത്താനുള്ള വ്യഗ്രതയിലായിരുന്നു. ബസ് സ്റ്റാന്റുകളിലും ടാക്‌സി സ്റ്റാന്റുകളിലും ഷാര്‍ജ-ദുബൈ റോഡിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ആഘോഷങ്ങള്‍ സുഗമമാക്കാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ ഏറെക്കുറെ ആശ്വാസമായി. അനധികൃതമായി ബലിയറുത്ത ചിലര്‍ക്കെതിരെ നടപടിയെടുത്തതായും സൂചനയുണ്ട്.

Latest