Connect with us

Gulf

ഈദ് ആഘോഷം: തീരങ്ങളില്‍ പട്രോളിംഗ് ഊര്‍ജിതമാക്കും

Published

|

Last Updated

ദുബൈ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബൈ കടല്‍ത്തീരങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാന്‍ പോലീസ് സി ഐ ഡി വിഭാഗവും മാരിടൈം റെസ്‌ക്യു ഡയറക്ടറേറ്റും തീരുമാനിച്ചു. രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെ പട്രോളിംഗ് തുടരും. ആഘോഷ വേളകളില്‍ കടലില്‍ ഉണ്ടാകാറുള്ള അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി അധികൃതര്‍ മുന്നോട്ടു വന്നത്.

മാരിടൈം അതോറിറ്റിയുടെ അനുമതിയും ഡ്രൈവിംഗ് ലൈസന്‍സും ഇല്ലാതെ കടലില്‍ വാട്ടര്‍ ബൈക്കുകള്‍ ഇറക്കാന്‍ അനുവദിക്കില്ല. ഇത്തരം കേസുകള്‍ പിടിക്കപ്പെട്ടാല്‍ 5,000 ദിര്‍ഹം പിഴയും അവ കണ്ടുകെട്ടുകയും ചെയ്യും. കടലിന്റെ പ്രകൃതവും പ്രക്ഷുബ്ധതയും കണക്കിലെടുക്കാതെ കടലിലിറങ്ങുന്നവരെ കണ്ടെത്തുന്നതിനാണ് പട്രോളിംഗ് സജീവമാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കടലില്‍ ഇറങ്ങല്‍ നിരോധിച്ച് ചുവന്ന പതാകകള്‍ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളില്‍ പോലും നിര്‍ദേശങ്ങള്‍ അവഗണിച്ച് കടലില്‍ ഇറങ്ങുന്ന പ്രവണത കണ്ടുവരുന്നുണ്ട്. നൂറുകണക്കിന് ആളുകള്‍ കടലില്‍ ഇറങ്ങുമ്പോള്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താനും പെട്ടെന്നു സാധിച്ചെന്നു വരില്ല. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കണിശതയോടുകൂടിയ ശ്രദ്ധ പതിപ്പിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.