Connect with us

Kerala

ജനസമ്പര്‍ക്ക പരിപാടി തടയുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടി തടയാനുള്ള പ്രതിപക്ഷ തീരുമാനത്തിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സിനോട് പ്രതിപക്ഷത്തിന്റെ പ്രതികരണം നിര്‍ഭാഗ്യകരമാണ്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ടേംസ് ഓഫ് റഫറന്‍സ് തയാറാക്കിയത്. എന്നിട്ടുമതിനെ എതിര്‍ക്കുന്നത് രാഷട്രീയ ലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളതെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി തട്ടിച്ചുനോക്കുമ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്തിന് സ്വീകാര്യമാണ്. എന്നാല്‍ അതിലും എതിര്‍പ്പുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കേട്ട ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന് കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. പരിസ്ഥിതി സംരക്ഷണത്തോട് പൂര്‍ണമായി സംസ്ഥാനം യോജിക്കുന്നുണ്ട്. എന്നാല്‍ അപ്രായോഗികമായ നിര്‍ദേശങ്ങളോടാണ് എതിര്‍പ്പ്. സമരമാര്‍ഗത്തിലേക്ക് ഈ അവസരത്തില്‍ പോകുന്നത് ഒട്ടും ഗുണം ചെയ്യില്ലെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുകൂല തീരുമാനമെടുപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി ജോലി നേടുന്നതിനുള്ള പ്രായപരിധി 41 വയസാക്കി ഉയര്‍ത്തി. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒ ബി സി വിഭാഗത്തിന്റേത് 41 ല്‍ നിന്ന് 43 വയസായും എസ് സി-എസ് ടി വിഭാഗങ്ങള്‍ക്ക് 43 ല്‍ നിന്ന് 46 വയസായും ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കാനും മന്ത്രിസഭ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.

പത്താം ക്ലാസ് വരെയോ ബിരുദതലം വരെയോ മലയാളം പഠിക്കാത്തവര്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനു മുന്‍പ് പരീക്ഷ പാസായിരിക്കണം. എന്നാല്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് തുടരും. ഭാഷ അറിയാത്തവര്‍ സര്‍വീസില്‍ പ്രവേശിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ മലയാളം പരീക്ഷ പാസാകണമെന്ന ചട്ടം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest