Connect with us

Articles

കോളജുകള്‍ കുത്തകള്‍ക്ക് തീറെഴുതാന്‍ ഒരു ഓര്‍ഡിനന്‍സ്

Published

|

Last Updated

കേരളത്തില്‍ സ്വയംഭരണ കോളജുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന പുതിയ ഓര്‍ഡിനന്‍സ് അണിയറയില്‍ ഒരുങ്ങുകയാണ്. ജനാധിപത്യധ്വംസനത്തിന്റെ പുതിയ ഘട്ടമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിലൂടെ ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്നത്. ആര്‍ക്കു വേണ്ടിയാണ് സ്വയംഭരണ കോളജുകള്‍ ? എന്തിനു വേണ്ടിയാണ് ഓര്‍ഡിനന്‍സ്? വിശദമായി പരിശോധിക്കാം.
സംസ്ഥാനത്തെ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുക എന്ന അജന്‍ഡ പതിറ്റാണ്ടുകളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഗുണനിലവാരം ഉറപ്പാക്കാനും പരീക്ഷാഫല പ്രഖ്യാപന കാലതാമസം ഒഴിവാക്കാനും അധ്യാപകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും സര്‍വകലാശാലകളില്‍ നിന്നും കോളജുകളെ സ്വതന്ത്രമാക്കണമെന്നത് കേന്ദ്ര, സംസ്ഥാന ഭരണാധികാരികളും യു ജി സിയും വിവിധ വിദ്യാഭ്യാസ കമ്മീഷനുകളും എക്കാലവും ആവശ്യപ്പെട്ടു വരുന്ന കാര്യമാണ്. 2007ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഏറ്റവും പ്രധാനപ്പെട്ട അജന്‍ഡയും കോളജുകളുടെ സ്വയംഭരണാധികാരം തന്നെ. എല്‍ ഡി എഫ് സര്‍ക്കാര്‍ പോയി, യു ഡി എഫ് വന്നു. എന്നാല്‍ കൗണ്‍സില്‍ നയം പഴയതു തന്നെ. എത്രയും വേഗം കോളജുകളെ വിശേഷിച്ചും “മികവിന്റെ കേന്ദ്രങ്ങളെ” സര്‍വകലാശാലകളില്‍ നിന്ന് ഡിസഫിലിയേറ്റ് ചെയ്ത് സ്വയംഭരണ സ്ഥാപനങ്ങളാക്കി സ്വാശ്രയവത്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എന്‍ ആര്‍ മാധവ മേനോനെ കമ്മീഷനായി നിയോഗിച്ചതും അതിന്റെ വേഗം കൂട്ടാന്‍ വേണ്ടിയാണ്. അദ്ദേഹത്തിന്റെ കമ്മിറ്റി നിര്‍ദേശങ്ങള്‍ യു ജി സിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാവരും പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ ഒരുവിധ നിയന്ത്രണവും പാടില്ല. പ്രത്യേകിച്ചും സര്‍വകലാശാലാ തലത്തില്‍ നിന്നുള്ള ഇടപെടല്‍ പാടില്ല.
കമ്മീഷന്‍ പറയുന്നു: സ്വാശ്രയ മേഖലകളെ മാത്രമല്ല സര്‍ക്കാര്‍ എയ്ഡഡ് കോളജുകളെയും ഡിസഫിലിയേറ്റ് ചെയ്യാം. ആദ്യ ഘട്ടത്തില്‍, നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുമെന്ന വ്യവസ്ഥയാണ് കമ്മീഷന്‍ ശിപാര്‍ശ.
സ്വയംഭരണാവകാശം എന്നതുകൊണ്ട് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നതെന്താണെന്ന് ആദ്യമേ നാം മനസ്സിലാക്കണം. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശമാണ് “ആട്ടോണമി” എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. രാഷ്ട്രീയ, അധികാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള യാതൊരു വിധ ബാഹ്യ ഇടപെടലും ഇല്ലാതെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ നിഗൂഢ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം കവര്‍ന്നെടുക്കുകയും അപകടകരമായ അജന്‍ഡ നടപ്പാക്കുകയും ചെയ്തുകൊണ്ട് സര്‍വകലാശാലകളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഇന്നിപ്പോള്‍ സര്‍വകലാശാലകള്‍ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കോളജുകളെ വേര്‍പ്പെടുത്തി അവക്കു അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണധികാരം നല്‍കി അവയെ സ്വാശ്രയ കച്ചവടസ്ഥാപനങ്ങളാക്കി മാറ്റാനുള്ള പരിശ്രമം ഊര്‍ജിതമായി നടന്നുവരുന്നു.
അതിന് മേല്‍നോട്ടം വഹിക്കാനാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എന്ന സംഘടനക്ക് രൂപം നല്‍കിയത്. എന്നിട്ട് ആ രാഷ്ട്രീയ അധികാരശക്തികള്‍ ഇപ്പോള്‍ കോളജുകളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. അവര്‍ ലക്ഷ്യം വെക്കുന്ന സ്വയംഭരണാധികാരം എന്തെന്ന് വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോര്‍ത്തിക്കളഞ്ഞിട്ട് കമ്പോള വിദ്യ വിറ്റഴിക്കാനുള്ള സ്വയംഭരണ കച്ചവടശാലകള്‍ യഥേഷ്ടം ആരംഭിക്കാനുള്ള അനുമതിയാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്‍ ആര്‍ മാധവ മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു: However, given the funding pattern in the state, colleges which receive the autonomons status may be allowed to start self financing courses under the existing rules with the approval of the Government. They may also be allowed to induct a certain percentage of foreign students with a different fee structure not involving subsidy”” സ്വാശ്രയ കച്ചവട കോഴ്‌സുകള്‍ ആരംഭിക്കാനും അവിടേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിച്ച് വന്‍ ഫീസ് വാങ്ങി വിദ്യാഭ്യാസ വ്യാപാരം അന്തര്‍ദേശീയ സ്വഭാവത്തിലുള്ളതാക്കാനുമുള്ള അനുമതി ആദ്യമേ തന്നെ നല്‍കികൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇതില്‍ നിന്നു തന്നെ “സ്വയംഭരണ”ത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലേ?
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനകം പ്രവര്‍ത്തിക്കുന്ന 242 സ്വയംഭരണ കോളജുകളുണ്ട്. അവയില്‍ 159 എണ്ണവും തമിഴ് നാട്ടിലാണ്. ആഗോളീകരണത്തിന്റെയും തുറന്ന കമ്പോളത്തിന്റെയും പ്രത്യക്ഷ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആരംഭിക്കപ്പെട്ട സ്വയംഭരണ കോളജുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന സംഭവങ്ങളുടെ പരമ്പര കാണാം. അധ്യാപകരുടെതല്ല, മാനേജ്‌മെന്റുകളുടെ സര്‍വാധികാരമാണ് എല്ലായിടങ്ങളിലും. പരീക്ഷാ ക്രമക്കേടും സ്വജനപക്ഷപാതവും അഴിമതിയും റാഗിംഗും ഇന്റേനല്‍ അസസ്‌മെന്റിന്റെ പേരിലുള്ള പീഡനങ്ങളും സര്‍വവ്യാപിതമായിരിക്കുന്നു. അധ്യാപകരുടെ ശമ്പള സ്‌കെയില്‍ പോലും മാനേജ്‌മെന്റിന്റെ ദയാദാക്ഷിണ്യത്തിലാണ് കുടികൊള്ളുന്നത്. വിദ്യാര്‍ഥി പ്രവേശത്തിന്റെ മാനദണ്ഡങ്ങള്‍ മാത്രമല്ല കരിക്കക്കുലവും സിലബസും പരീക്ഷയുടെ ചോദ്യ പേപ്പര്‍ തയ്യാറാക്കലും മൂല്യനിര്‍ണയവുമെല്ലാം മാനേജ്‌മെന്റിന്റെ സ്വേച്ഛാധികാര താത്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും പീഡിപ്പിക്കുകയും ബലിയാടാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. യാതൊരു വിധത്തിലുള്ള ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും ഈ കോളജുകളിലെവിടെയും നമുക്ക് കാണാനാകില്ല. അതുകൊണ്ടു തന്നെ സ്വയംഭരണ കോളജുകള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും തടവറകളാണ്. ഒരു തരം നീചമായ അടിമത്ത വ്യവസ്ഥ ഇത്തരം സ്ഥാപനങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നതും അതുകൊണ്ടു തന്നെ. ഗുണനിലവാരം തീരെയില്ലാത്ത, ആഗോള കമ്പോളത്തിലേക്കുള്ള ചെലവ് കുറഞ്ഞ അധ്വാന ശക്തികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ മാത്രമായി മിക്ക ഓട്ടോണമസ് കോളജുകളും പരിണമിച്ചുവെന്ന് പറയാം. സാമൂഹിക, രാഷ്ട്രീയ ചരിത്രബോധമില്ലാത്തവരെ ഉത്പാദിപ്പിക്കാന്‍ മാത്രമേ ഇത്തരം കോളജുകള്‍ക്കു കഴിയുന്നുള്ളു.
കേന്ദ്ര സര്‍ക്കാറും യു ജി സിയുമാണ് ഡിസഫിലിയേഷന്‍ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വക്താക്കള്‍. എന്തുകൊണ്ടാണ് അവര്‍ അഫിലിയേഷന്‍ സമ്പ്രദായത്തെ ഭയപ്പെടുന്നത്? എന്തുകൊണ്ട് അവര്‍ സ്വകാര്യ മൂലധനശക്തികള്‍ക്ക് സര്‍വ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് വാദിക്കുന്നു? ഉത്തരം ലളിതമാണ്. ഒന്ന്, അഫിലിയേഷന്‍ സമ്പ്രദായം ഇല്ലാതായാല്‍ ക്രമേണ സര്‍വകലാശാല എന്ന സങ്കല്‍പ്പത്തെ തന്നെ കുഴിച്ചുമൂടാം. രണ്ട്, ആഗോള വിദ്യാഭ്യാസ കച്ചവടത്തിന്റെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാം. മൂന്ന്, ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ പോലും മുതല്‍മുടക്ക് വേണ്ടിവരില്ല. എന്നു മാത്രമല്ല, വിദ്യാഭ്യാസ വ്യാപാരം പൊടിപൊടിക്കാന്‍ അവസരം തുറന്നു കൊടുത്താല്‍ വിദേശനാണ്യവും സ്വദേശനാണ്യവും സമ്പാദിക്കുകയും ചെയ്യാം.
അതിനാണ് അവര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തണമെന്ന മുദ്രാവാക്യമുയര്‍ത്തുന്നത്. യഥാര്‍ഥത്തില്‍, സര്‍വകലാശാലാ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്ന കാര്യങ്ങളെ മുഴുവന്‍ അവര്‍ ആസൂത്രിതമായി അട്ടിമറിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ ഏറ്റവും പുതിയ തലങ്ങളിലേക്ക് മാനവ സമൂഹത്തെ നയിക്കാന്‍ പ്രാപ്തമാകുന്ന വിധത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സ്ഥാപനങ്ങളാണ് സര്‍വകലാശാലകള്‍. ഉന്നത വിജ്ഞാനത്തിന്റെ ഇരിപ്പിടങ്ങളുമാണവ. എന്നാല്‍, പുതിയ ലോകക്രമത്തിന്റെ വക്താക്കള്‍ വിജ്ഞാനത്തിനു പകരം കേവല തൊഴില്‍ നൈപുണി വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാക്കി സര്‍വകലാശാലകളെ മാറ്റി മറിക്കുകയാണ്. വിശേഷിച്ചും ലോക ബേങ്ക് ഏജന്‍സികള്‍.
കേരളത്തിലെ പൊതു വിദ്യാഭ്യാസം തകര്‍ത്തതില്‍ മുഖ്യ പങ്ക് വഹിച്ച ഡി പി ഇ പി – എസ് എസ് എ പദ്ധതികള്‍ ആവിഷ്‌കരിച്ച ലോക േബങ്ക് തന്നെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെയും വില്ലന്‍. 1994ല്‍ ബേങ്ക് പ്രസിദ്ധപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ അനുഭവ പാഠങ്ങള്‍ എന്ന കൃതിയിലും 2002ല്‍ പ്രസിദ്ധീകരിച്ച Constructing Knowledge Societies: New Challenges for Tertiary Education എന്ന കൃതിയിലും ഉന്നത വിദ്യാഭ്യാസത്തെ ആഗോള കമ്പോളത്തിന്റെ ആവശ്യകതക്കനുസരിച്ച് പുനഃസംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പറയുന്നുണ്ട്. വിദ്യാഭ്യാസം മനുഷ്യനെ വാര്‍ത്തെടുക്കാനല്ല; കമ്പോളത്തിനാണ് എന്ന പുനര്‍നിര്‍വചനം ലോക ബേങ്ക് ഈ റിപ്പോര്‍ട്ടുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ആധുനിക ജനാധിപത്യ സര്‍വകലാശാലാ സങ്കല്‍പ്പത്തെ തള്ളിപ്പറയുന്ന റിപ്പോര്‍ട്ടുകളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നു. വാസ്തവത്തില്‍ ഇന്ത്യയില്‍ യു ജി സി അവതരിപ്പിക്കുന്ന “പുതിയ” സങ്കല്‍പ്പങ്ങള്‍ മിക്കവയും ലോക ബേങ്ക് റിപ്പോര്‍ട്ടുകളില്‍ പറയുന്നവയാണ്. ചോയ്‌സ്-ബോഡ്‌സ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം, മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍, സ്വയംഭരണ കോളജുകള്‍, കമ്പോള ആവശ്യകതകളോടുള്ള പ്രതികരണം, തുടങ്ങിയ മിക്ക കാര്യങ്ങളും റിപ്പോര്‍ട്ടില്‍ നിന്ന് ഉദ്ധരിക്കുന്നവയാണ്.
കേരളം പോലെ പൊതു വിദ്യാഭ്യാസത്തിന് ശക്തമായ അടിത്തറയുണ്ടായിരുന്ന ഒരു നാട്ടില്‍ വിദ്യാഭ്യാസ പുനഃസംഘടനയും പൊളിച്ചെഴുത്തും നേരിട്ട് നടത്താന്‍ ലോക ബേങ്ക് ഏജന്‍സികള്‍ക്ക് അനുമതി നല്‍കി യു ഡി എഫ്- എല്‍ ഡി എഫ് സര്‍ക്കാറുകള്‍ അനുവര്‍ത്തിച്ച നയം മൂലം പ്രാഥമികതലം മുതല്‍ ഉന്നത, പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗങ്ങള്‍ വരെ സമ്പൂര്‍ണ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന കാലമാണിത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ പൊളിച്ചെഴുത്തിന്റെ തുടര്‍ച്ചയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖല പൂര്‍ണമായും വാണിജ്യ ശക്തികള്‍ക്ക് തീറെഴുതപ്പെട്ട കാലഘട്ടത്തിലാണ് സര്‍വകലാശാലകള്‍ വേണ്ടെന്നും ഓരോ കോളജും ഇനി മുതല്‍ ഓരോ സര്‍വകലാശാലയായി മാറുമെന്നും പ്രഖ്യാപിച്ചുകൊണ്ട് സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാലകള്‍ ഇല്ലാതായാല്‍ മാനവ സമൂഹത്തിന്റെ ഉന്നത വിദ്യാകേന്ദ്രമാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയാന്‍ വൈകരുത്. കോളജ്, സര്‍വകലാശാലയാകട്ടെ എന്ന വിചിത്രവും അപഹാസ്യവുമായ ആശയം നടപ്പായാല്‍ ഒരേ സമയം സര്‍വകലാശാലയും കോളജും ഇല്ലാതാകുമെന്ന് തിരിച്ചറിയുക. എന്തുകൊണ്ടെന്നാല്‍ സ്വയംഭരണ സ്വാശ്രയ സ്ഥാപനങ്ങള്‍ കലാശാലകള്‍ എന്ന സങ്കല്‍പ്പത്തിന്റെ ഏഴയലത്തു പോലും വരില്ല. യഥാര്‍ഥത്തില്‍, സര്‍വകലാശാല എന്ന മഹത്തായ സ്ഥാപനത്തെ കേവല കച്ചവട സ്ഥാപനമാക്കി അധഃപതിപ്പിക്കുകയാണ് ഭരണാധികാരികള്‍. മൂലധനശക്തികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈമാറുകയും അവരുടെ ആവശ്യകതകള്‍ക്കു വേണ്ടിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം. അതിനുള്ള സ്വയംഭരണം. അതിനുള്ള അധികാരം. കമ്പോളത്തില്‍ മത്സരിക്കാന്‍ കഴിയുന്ന മികച്ച കോളജുകളെ സര്‍വകലാശാല എന്ന് പേരിട്ട് അണിയിച്ചൊരുക്കുന്നു. കമ്പോള കോഴ്‌സുകള്‍ മാത്രമേ അവിടങ്ങളില്‍ പരിശീലിപ്പിക്കൂ. വിദ്യാര്‍ഥികള്‍ കേവല ഉപഭോക്താക്കള്‍ മാത്രമായി മാറാന്‍ പോകുന്നു. വിദ്യാഭ്യാസമെന്നത് ഒരു വ്യാവസായിക ഉത്പന്നവും.
മാനവ സമൂഹത്തിന്റെ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കെതിരായ സാമ്രാജ്യത്വ ഗൂഢാലോചനയാണിത്. വിദ്യാഭ്യാസ വ്യവസ്ഥയിലൂടെ ഒരു മനുഷ്യനും വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കാതിരിക്കുക എന്ന സാമ്രാജത്വ അജന്‍ഡയാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രത്യാഘാതങ്ങള്‍ വമ്പിച്ചതായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ സ്വാശ്രയ സ്വയംഭരണ സ്ഥാപനങ്ങളാകുന്നതോടെ സാധാരണ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ എന്നെന്നേക്കുമായി അവസാനിക്കാന്‍ പോകുന്നു. ഗവണ്‍മെന്റ് എയ്ഡഡ് കോളജുകള്‍ ഇല്ലാതാകുന്നതോടെ സ്വാശ്രയ പ്രൊഫഷനല്‍ കോളജുകളിലേതു പോലത്തെ സ്ഥിതിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. അതുകൊണ്ട്, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന വിനാശകരമായ ആശയത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടത് വിദ്യാഭ്യാസസ്‌നേഹികളുടെ കടമയും കര്‍ത്തവ്യവുമാണ്. അതിനുള്ള സന്നാഹമാണ് യഥാര്‍ഥ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംരക്ഷണം ആഗ്രഹിക്കുന്ന ഏതൊരാളും ഇന്ന് ഒരുക്കേണ്ടത്. യോജിക്കാവുന്ന മുഴുവന്‍ അധ്യാപക, വിദ്യാര്‍ഥി സാമൂഹിക പ്രസ്ഥാനങ്ങളെയും അതിനായി ഒന്നിപ്പിക്കാനും പോരാടാനും തയ്യാറാകേണ്ടിയിരിക്കുന്നു.

Latest