Connect with us

Editorial

അമേരിക്കന്‍ കപ്പലിന്റെ വരവിന് പിന്നില്‍?

Published

|

Last Updated

പാകിസ്ഥാനും ചൈനയുമാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. അങ്ങനെ വിശ്വസിക്കാനാണ് അമേരിക്ക മന്‍മോഹനെയും കൂട്ടരെയും പഠിപ്പിച്ചത്. എന്നാല്‍ സാക്ഷാല്‍ അമേരിക്ക തന്നെയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയെന്നാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ഇന്ത്യയിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് മുതല്‍ വെള്ളിയാഴ്ച കന്യാകുമാരിക്കടുത്ത് തൂത്തുക്കുടിയില്‍ അമേരിക്കന്‍ കപ്പല്‍ സംശയകരമായ സാഹചര്യത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിയത് വരെയുള്ള സംഭവങ്ങളില്‍ നിന്ന് അനുമാനിക്കേണ്ടത്. ആയുധങ്ങളും വെടിക്കോപ്പുകളുമായി സംശയകരമായ ചുറ്റുപാടിലാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു അമേരിക്കന്‍ കപ്പലായ എം വി സീമാന്‍ ഗാര്‍ഡ് ഓഹിയോ ഇന്ത്യന്‍ തീരത്തെത്തിയത്. 25 സായുധ ഗാര്‍ഡുകളുള്‍പ്പെടെ 35 ജീവനക്കാരടങ്ങുന്ന കപ്പല്‍ തൂത്തുക്കുടിയിലെ ഒരു ഷിപ്പിംഗ് ഏജന്റില്‍ നിന്ന് നിയമവിരുദ്ധമായി 1500 ലിറ്റര്‍ ഡീസല്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് അവസാന വാരത്തില്‍ ഇതേ കപ്പല്‍ കൊച്ചിയിലും ചുറ്റിക്കറങ്ങിയിരുന്നു. അന്ന് സംശയകരമായി ഒന്നും കണ്ടെത്താത്തതിനാലാണത്രെ, വിട്ടയക്കുകയാണുണ്ടായത്. ഇത്തവണ കപ്പല്‍ തീരദേശ സേന പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കടല്‍ക്കൊള്ളക്കാരുടെ ശല്യമുള്ള മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സായുധസുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കപ്പല്‍ ഇവിടെ ചുറ്റിയടിക്കുന്നതെന്നാണ് ക്യാപ്റ്റന്റെ വിശദീകരണം. ഇത് സാധൂകരിക്കാനുള്ള രേഖകളോ സാക്ഷ്യപത്രങ്ങളോ അവരുടെ കൈവശമില്ലെന്ന് മാത്രമല്ല, ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ കടല്‍ക്കൊള്ളക്കാരുടെ ഭീഷണി അശേഷം ഇല്ല താനും. ക്യാപ്റ്റന്റെ വിശദീകരണം ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കപ്പല്‍ ഇന്ത്യന്‍ സമുദ്ര പരിധിയില്‍ ചുറ്റിക്കറങ്ങുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് വ്യക്തം. ചാരപ്പണിയോ, രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന മറ്റെന്തെങ്കിലും ഗൂഢപ്രവര്‍ത്തനമോ ആയിരിക്കണം ലക്ഷ്യം. കപ്പല്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്താല്‍ വസ്തുത കണ്ടെത്താകുന്നതാണ്. എന്നാല്‍ കപ്പല്‍ അമേരിക്കയുടെതായതിനാല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാനുള്ള തന്റേടം നമ്മുടെ ഭരണാധികള്‍ക്കുണ്ടാകില്ല. ഒബാമയുടെയോ ജോണ്‍ കെറിയുടെയോ നിര്‍ദേശത്തിന് കാതോര്‍ത്തിരിക്കയാകും അവര്‍. കൊല്ലത്ത് രണ്ട് പേരെ വെടിവെച്ചു കൊന്ന ഇറ്റലിക്കാരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ എന്‍ ഐ എ അഭിമുഖീകരിക്കുന്ന നിസ്സഹായത നാം കണ്ടുകൊണ്ടിരിക്കയാണ്. ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉപയോഗിച്ച് അമേരിക്കന്‍ ചാര സംഘടനയായ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) ഇന്ത്യക്കാരുടെ അന്താരാഷ്ട്ര സന്ദേശങ്ങളും വിനിമയങ്ങളും മാത്രമല്ല, രാജ്യത്തിനകത്ത് പൗരന്മാര്‍ നടത്തുന്ന ടെലിഫോണ്‍ സംഭാഷണങ്ങളും ഇ മെയിലുകളും ഉള്‍പ്പെടെ എല്ലാം ചോര്‍ത്തിയിട്ടും പ്രതിഷേധസൂചകമായി ഒരു വാക്ക് പോലും പറയാനുള്ള ചങ്കൂറ്റം സര്‍ക്കാറിനുണ്ടായില്ലെന്നോര്‍ക്കണം.

അമേരിക്കന്‍ കപ്പല്‍ തീരക്കടലില്‍ അനധികൃതമായി ചുറ്റിക്കറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്നത്, ഇന്ത്യന്‍ കടലോര മേഖലയിലെ സുരക്ഷാ സംവധാനങ്ങളുടെ അപര്യാപ്തതയിലേക്കും വീഴ്ചയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ആര്‍ക്കും എപ്പോഴും കടന്നുകയറാവുന്ന വിധം ബലഹീനമാണ് കടലോരങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍. രാജ്യത്തെ കടലോര മേഖലയിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രതിരോധ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നതാണ്. 2008ല്‍ മുംബൈയില്‍ സ്‌ഫോടന പരമ്പര അരങ്ങേറേണ്ടി വന്നു ഭരണാധികാരികള്‍ക്ക് അത് ബോധ്യപ്പെടാന്‍. മുംബൈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷക്ക് കുറേ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും അത് പാതി വഴിയിലുമാണ്. മറ്റു രാഷ്ട്രങ്ങളെല്ലാം അവയുടെ സമുദ്രങ്ങളുടെ തന്ത്രപരമായ സാധ്യതകളെക്കെുറിച്ചു നിരന്തരം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതോടൊപ്പം അതിന്റെ സുരക്ഷയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു.

തൂത്തുക്കുടിയില്‍ പിടിച്ചെടുത്ത കപ്പല്‍ അമേരിക്കയുടേതായതു കൊണ്ട് ജനം രക്ഷപ്പെട്ടു. ഏതെങ്കിലും മുസ്‌ലിം രാജ്യത്തിന്റെതായിരുന്നു കപ്പലെങ്കില്‍ എന്തെല്ലാം കോലാഹലങ്ങള്‍ അരങ്ങേറുമായിരുന്നു. ഭയാശങ്ക സൃഷ്ടിക്കുന്ന എത്രയെത്ര വാര്‍ത്തകളും കഥകളും മെനഞ്ഞുണ്ടാക്കുമായിരുന്നു “ദേശീയ മാധ്യമങ്ങളും” ചാനലുകളും! ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറമെയും. ഇന്ത്യയെ അക്രമിക്കാന്‍ എത്തിയ മുസ്‌ലിം ഭീകരുടെതാണ് കപ്പലെന്ന് പ്രഥമ നിരീക്ഷണത്തില്‍ തന്നെ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കും. അല്‍ഖാഇദ, താലിബാന്‍, ലഷ്‌കറെ ത്വയ്യിബ തുടങ്ങി അറിയപ്പെട്ട മുഴുവന്‍ തീവ്രവാദ സംഘടനകള്‍ക്ക് നേരെയും വിരല്‍ നീളും. ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ചതാണെങ്കിലും കപ്പല്‍ യു എസിന്റെതായതിനാല്‍ ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. രാജ്യത്തിന്റെ സുരക്ഷക്ക് ഒരു ഭീഷണിയുമില്ല. എല്ലാം ശാന്തം.