ആയിക്കര സമരം; അബ്ദുല്ലക്കുട്ടിക്കെതിരെ മത്സ്യവ്യാപാരികള്‍ രംഗത്ത്

Posted on: October 15, 2013 4:00 am | Last updated: October 15, 2013 at 10:00 am
SHARE

കണ്ണൂര്‍: ആയിക്കര മത്സ്യകച്ചവടക്കാര്‍ നടത്തിയ സമരത്തില്‍ എ പി അബ്ദുല്ലകുട്ടി എം എല്‍ എ സ്വീകരിച്ച നിലപാടിനെതിരെ മത്സ്യവ്യാപാരികളുടെ സംഘടന.
സമരവുമായി ബന്ധപ്പെട്ട തീരദേശ മേഖല സ്തംഭിച്ചിട്ടും മറ്റ് പ്രശ്‌നങ്ങള്‍ നടന്നപ്പോഴും എം എല്‍ എ പ്രദേശം സന്ദര്‍ശിക്കാനോ ഇടപെടാനോ തയ്യാറായില്ലെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിന് ഇടപെട്ട തയ്യില്‍ സൗഹൃദ്‌വേദി ഭാരവാഹികളോട് എം എല്‍ എ ക്ഷുഭിതനായതായും കമ്മിറ്റി ആരോപിച്ചു. പാരമ്പര്യ മത്സ്യത്തൊഴിലാളികളും കോര് തൊഴിലാളികളായും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടാന്‍ എം എല്‍ എ തയ്യാറായിരുന്നില്ല. മാര്‍ക്കറ്റ് ഇല്ലാതാക്കുന്നത് ഫ്‌ളാറ്റ് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയാണെന്ന് ആരോപണമുയര്‍ന്നുവന്ന സാഹചര്യത്തില്‍ എം എല്‍ എ അവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. പ്രശ്‌നം നടക്കുമ്പോള്‍ സ്ഥലത്തിലാതിരുന്ന കെ സുധാകരന്‍ എം പി സ്ഥലത്തെത്തിയപ്പോള്‍ ഉടന്‍ ബന്ധപ്പെട്ടവരെ വിളിച്ച് വരുത്തി ചര്‍ച്ച ചെയ്യാന്‍ തയ്യാറായി. എം എല്‍ എ, എം പിയുടെ പ്രവര്‍ത്തനം മാതൃകയാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.