Connect with us

Kannur

ഭൂതകാല ചരിത്രം കമ്യൂണിസ്റ്റുകാരന് ആത്മധൈര്യം പകരണം: പിണറായി

Published

|

Last Updated

കണ്ണൂര്‍: പൂവിരിച്ച പാതയിലൂടെയല്ല, ചോരയും ജീവനും നല്‍കിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതെന്നും ഭൂതകാല ചരിത്ര വായന ഇന്നത്തെ അടിച്ചമര്‍ത്തലുകള്‍ നേരിടാന്‍ കമ്യൂണിസ്റ്റുകാരന് ആത്മധൈര്യം പകരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം രണ്ടാം സഞ്ചിക പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്നതിനാലണ് കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല വേരോട്ടമുണ്ടായത്. തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യമായിരുന്നില്ല മലബാറിലേത്. അതുകൊണ്ടാണ് കണ്ണൂര്‍ കര്‍ഷക പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. സോവിയറ്റ് യൂനിയനിലെ വിപ്ലവം കണ്ണൂരിലേ ജനകീയ പോരാട്ടങ്ങള്‍ക്ക് അടിത്തറ പകരുകയായിരുന്നു. യുവജന, തൊഴിലാളി പ്രസ്ഥാനങ്ങള്‍ കണ്ണൂരില്‍ തുടക്കം കുറിക്കാന്‍ കാരണമായത് ഇതൊക്കെ കൊണ്ടാണ്. മലബാറില്‍ ജാതിയതക്കെതിരെ പോരാട്ടം നടത്തിയത് കര്‍ഷക പ്രസ്ഥാനമായിരുന്നു. എന്നാല്‍ ജാതീയത തിരിച്ചുകൊണ്ടുവരാനുള്ള ഇടപെലാണ് ചില സാമുദായിക ജാതി സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഗൗരവത്തോടെ കാണണം. ജാതിരഹിത സമൂഹം കര്‍ഷക പോരാട്ടങ്ങളുടെ ഫലമായി സംഭവിച്ചതാണ്. എല്ലാവിധ അടിച്ചമര്‍ത്തലുകളും അതിജയിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിച്ചത് ജനവിശ്വാസം ആര്‍ജിച്ചത് കാരണമാണ്. നമ്മള്‍ ഒരുപാട് വളരാന്‍ സാഹചര്യമുണ്ടാക്കിയതും ജനങ്ങള്‍ ഒപ്പമുള്ളത് കാരണമാണ്. എന്നാല്‍ ഇനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി വളരേണ്ടതുണ്ട്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ജനപിന്തുണയിലൂടെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. തില്ലങ്കേരി സമരസേനാനി കുറ്റിയാടന്‍ കുഞ്ഞിരാമന്‍ പുസ്തകം ഏറ്റുവാങ്ങി. സി പി അബൂബക്കര്‍, ഡോ. സി ബാലന്‍, കീച്ചേരി രാഘവന്‍, വി ശിവദാസന്‍, എം വി ജയരാജന്‍ പ്രസംഗിച്ചു.

Latest