Connect with us

Wayanad

പാലത്തിനോട് ചേര്‍ന്ന് നിയമവിരുദ്ധമായി മണ്ണ് നിറച്ചു: മഴ പെയ്തപ്പോള്‍ റോഡ് ഗതാഗതം മുടങ്ങി

Published

|

Last Updated

പനമരം: ചെറിയപുഴ പാലത്തോടു ചേര്‍ന്നുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി മണ്ണ് നിറച്ചതു മൂലം പനമരം- ബീനാച്ചി റോഡില്‍ ഞായറാഴ്ച രാവിലെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗതാഗതം പുനരാരംഭിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലമുടമ ടിപ്പര്‍ ലോറികളില്‍ മണ്ണ് കൊണ്ടു വന്നതാണ് ഗതാഗത തടസത്തിനു കാരണമായത്. ഇതേ തുടര്‍ന്ന് സ്ഥലത്തിന്റെ ഉടമസ്ഥന്‍ പനമരം മുളമൂട്ടില്‍ ധര്‍മരാജനെതിരേ പനമരം പോലീസ് കേസെടുത്തു.
പാലത്തിനു സമീപമുള്ള ഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധര്‍മരാജന്റെ സ്ഥലത്തേക്ക് ലോറികളില്‍ മണ്ണ് കൊണ്ടു വന്നിട്ടിരുന്നു. ലോറികളില്‍ മണ്ണ്, കല്ല്, മെറ്റല്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടു പോകുമ്പോള്‍ ടാര്‍പായകൊണ്ട് മുടണമെന്നാണ് നിയമം. എന്നാല്‍ മുകളില്‍ ടാര്‍പായ ഇടാതെ അമിത ലോഡുമായി ചീറിപ്പാഞ്ഞ ടിപ്പര്‍ ലോറികളില്‍ നിന്ന് മണ്ണ് വീണ് റോഡിലാകെ പരക്കുകയായിരുന്നു. പാലത്തിലും തൊട്ടുസമീപത്തും നല്ല കനത്തില്‍ മണ്ണ് വീണിരുന്നു. മഴ പെയ്താല്‍ വാഹനങ്ങള്‍ തെന്നി പുഴയിലോ സമീപമുള്ള കുഴിയിലോ വീഴുമെന്നും മണ്ണ് കൊണ്ടു വരുമ്പോള്‍ ശ്രദ്ധിക്കണമെന്നും നിരവധി യാത്രക്കാര്‍ സ്ഥലമുടമയോടു നേരിട്ടു പറഞ്ഞിട്ടും ഗൗനിച്ചിരുന്നില്ല.
ഞായറാഴ്ച പുലര്‍ച്ചെ പെയ്ത മഴയില്‍ റോഡാകെ ചളിക്കളമായി.
രാവിലെ പാലുമായി വന്ന ബൈക്കുകാരന്‍ ചെളിയില്‍ വഴുതി വീണു. പിന്നാലെ വന്ന ബസ് റോഡില്‍ നിന്നു തെന്നിമാറി കുഴിയില്‍ വീണു. ഇതോടെ ഗതാഗതം പുര്‍ണമായും സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ ഇരുവശങ്ങളിലുമായി കുരുങ്ങിക്കിടന്നു. മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി റോഡ് വെള്ളമടിച്ചു കഴുകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയതിന്റെ ചെലവ് സ്ഥലമുടമയില്‍ നിന്നു ഈടാക്കാത്തതും നാട്ടുകാരില്‍ ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. മൂന്ന് സെന്റില്‍ മണ്ണ് നിറക്കാന്‍ തഹസില്‍ദാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് സെന്റ് ഭൂമിക്കു പുറമെ പുഴ പുറമ്പോക്കിലും മണ്ണ് നിക്ഷേപിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. മഴ പെയ്താല്‍ ഈ മണ്ണ് പുഴയിലേക്കാണ് ഒലിച്ചിറങ്ങുക. ഇതിനിടയില്‍ ചെറിയപാലം വികസനത്തിന്, തൊട്ടടുത്ത് കെട്ടിടം നിര്‍മിക്കുന്നത് തടസമാകുമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. പാലത്തോടു തൊട്ടുചേര്‍ന്നാണ് കെട്ടിടം നിര്‍മിക്കാന്‍ തറ കെട്ടിയിരിക്കുന്നത്.
വളവു തിരിഞ്ഞാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. ഈ സാഹചര്യത്തില്‍ വളവില്‍ കെട്ടിടം ഉയര്‍ന്നാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാവാത്തത് അപകടത്തിനു വഴിതെളിക്കും.
റോഡരികില്‍ കെട്ടിടം നിര്‍മിക്കുമ്പോള്‍ റോഡില്‍ നിന്നു നിശ്ചിത ദൂരപരിധി പാലിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനിടെ ട്രിപ്പ് മുടങ്ങിയതുമൂലമുണ്ടായ നഷ്ടം സ്ഥലമുടമയില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest