Connect with us

Wayanad

കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് ജീവനക്കാരുടെ കൈത്താങ്ങ്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: നഷ്ടത്തിലോടുന്ന കോര്‍പ്പറേഷനെ ലാഭത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് ജീവനക്കാരുടെ പിന്തുണ.
സ്വന്തം പണം ഉപയോഗിച്ച് കെ എസ് ആര്‍ ടി സി ബസ് നവീകരിച്ച് നിരത്തിലിറക്കി മാതൃകയായിരിക്കുകയാണ് കെ എസ് ആര്‍ ടി സി ജില്ലാ ഡിപ്പോയായ സുല്‍ത്താന്‍ ബത്തേരിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍.
സുല്‍ത്താന്‍ ബത്തേരി-ഗുണ്ടല്‍പേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെ എസ് ആര്‍ ടിസി ബസാണ് ജീവനക്കാരുടെ സല്‍പ്രവൃത്തിയിലൂടെ സര്‍വീസ് ആരംഭിച്ചത്.
കഴിഞ്ഞ 15 ദിവസത്തോളമായി ഈ ബസ് സര്‍വീസ് നടത്തുന്നതിനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിപ്പോയില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബസ് നവീകരിക്കുന്നിനാവശ്യമായ പണം ലഭിക്കാന്‍ വൈകുമെന്ന അറിവാണ് പണം സ്വന്തമായെടുത്ത് ബസ് നവീകരിക്കുക എന്ന ആശയത്തിലേക്ക് ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാരെ എത്തിച്ചത്. ഇതിന്റെ ഭാഗമായി 60 ഓളം ജീവനക്കാര്‍ തങ്ങളുടെ വിഹിതം നല്‍കി.
അയ്യായിരത്തോളം തുക ചെലവഴിച്ച് ആദ്യം പെയിന്റ് വാങ്ങി. തുടര്‍ന്ന് പെയ്ന്റിങ് അടക്കമുള്ള ജോലികള്‍ ജീവനക്കാര്‍ തന്നെ പൂര്‍ത്തിയാക്കി.
ഇതിനുശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നേടി ബസ് ഇന്നലെ മുതല്‍ സര്‍വീസും ആരംഭിച്ചു. ആകെ പതിനായിരത്തോളം രൂപയാണ് ബസ് നിരത്തിലിറക്കാന്‍ ചെലവായ്. ഡബിള്‍ ബെല്ലടിച്ച് ആളെ കയറ്റാതെ പോകുന്ന ജീവനക്കാരാണ് കെ എസ് ആര്‍ ടിസിയുടെ ശാപമെന്ന ആക്ഷേപത്തിനും ജീവനക്കാരുടെ സല്‍പ്രവൃത്തിയിലൂടെ പരിഹാരമാവുകയാണ്.