Connect with us

Kozhikode

സ്വര്‍ണക്കടത്ത്: അന്വേഷണം നിലച്ചതില്‍ ദുരൂഹത- പിണറായി

Published

|

Last Updated

മുക്കം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരിലേക്കുള്ള യാത്രാമധ്യേ കള്ളക്കടത്തു കേസില്‍ പിടിയിലായ ഫയാസുമായി മുക്കാല്‍ മണിക്കൂറോളം നടത്തിയ രഹസ്യ സംസാരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഫയാസുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ അന്വേഷണം മുന്നോട്ട് നീങ്ങുന്നില്ലെന്നും ഇത് സംശയാസ്പദമാണെന്നും പിണറായി പറഞ്ഞു. തിരുവമ്പാടിയില്‍ മുന്‍ എം എല്‍ എ മത്തായി ചാക്കോ ഏഴാം അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ കരണംമറിയലിനെതിരെ ശക്തമായ പ്രക്ഷോഭം തുടരും. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ തന്നെയും ഓഫീസിനെയും ഉള്‍പ്പെടുത്താതെ രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ടെന്ന് പിണറായി പറഞ്ഞു. സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുള്ള ആക്രമണങ്ങളില്‍ കേസന്വേഷണം അട്ടിമറിക്കുകയാണ്. പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനം ഇതിന് തെളിവാണ്. മതസംഘടനകള്‍ തീവ്രവാദ സ്വഭാവക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുയോഗവും നടന്നു. പൊതുയോഗത്തില്‍ സി പി എം ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. മത്തായി ചാക്കോ എന്‍ഡോവ്‌മെന്റ് പിണറായി വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, ജോര്‍ജ് എം തോമസ്, ഇ രമേശ് ബാബു, കെ പി ചാക്കോച്ചന്‍, വി കെ വിനോദ്, ജോളി ജോസഫ്, സി എന്‍ പുരുഷോത്തമന്‍ പ്രസംഗിച്ചു.

Latest