Connect with us

Kozhikode

പ്രതിരോധ സമിതിയുടെ പ്രതിഷേധ ജ്വാല

Published

|

Last Updated

വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂര്‍ ചിറയില്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ജലനിധി പദ്ധതിക്കെതിരെ ജനകീയ പ്രതിരോധ സമിതി ചെരണ്ടത്തൂര്‍ പൂളക്കടവ് റോഡില്‍ പ്രതിഷേധ ജ്വാല നടത്തി. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. ചെരണ്ടത്തൂര്‍ ചിറയെ സംരക്ഷിക്കാന്‍ മരണം വരെ പോരാടുമെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. പ്രദേശത്തെ മുഴവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും കുടിവെള്ളം മുട്ടുന്നതിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണികളായി. പദ്ധതി നടപ്പാകുമ്പോള്‍ നീര്‍ത്തടത്തെ ആശ്രയിച്ച് കഴിയുന്ന ചെരണ്ടത്തൂര്‍, മന്തരത്തൂര്‍, എളമ്പിലാട്, മങ്കര, മണിയൂര്‍ പ്രദേശങ്ങളിലെ ആറായിരത്തോളം ജനങ്ങക്ക് കുടിവെള്ളമില്ലാതാകും.
ലോക ബേങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധിക്ക് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിരോധ സമിതി രൂപവത്കരിച്ച് സമര രംഗത്തിറങ്ങിയത്. പദ്ധതിയുടെ സര്‍വെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു. അനുരഞ്ജന ചര്‍ച്ചയിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ബാലകൃഷ്ണന്‍ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. സുനീഷ് കെ എം അധ്യക്ഷത വഹിച്ചു. അനീഷ് കുമാര്‍ മനത്താനത്ത്, രാജേഷ് പാറയുള്ളതില്‍ പ്രസംഗിച്ചു.

Latest