Connect with us

Palakkad

സമൂഹം കാലത്തിന്റെ മാറ്റം ഉള്‍ക്കൊളളണം: വയലാര്‍ രവി

Published

|

Last Updated

പാലക്കാട്: സമൂഹം കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുവേണം മുന്നോട്ടുപോകുവാനെന്നും ഇന്നലെകളെക്കുറിച്ച് ചിന്തിച്ച് അതില്‍ ചവിട്ടി മാത്രം നില്‍ക്കലല്ല നമ്മുടെ ഇന്നത്തെ കടമയെന്നും സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ വരുന്ന സൗതിക മാറ്റങ്ങളെ ഉള്‍ക്കൊണ്ടുവേണം നാം മുന്നോട്ടുപോകേണ്ടതെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
പാലക്കാട് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ യാക്കര വിശ്വേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വസുകൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് വി ജി സുകുമാരന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വയലാറിലെ കുളവന്‍കോട് മഹാക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തുക വഴി ഗുരുദേവന്‍ മനുഷ്യമനസ്സുകളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണ് കാണിച്ചുതന്നത്. ശ്രീനാരായണഗുരുദേവന്റെ ആദര്‍ശങ്ങളില്‍ നിന്നുകൊണ്ട് മലബാറിലെ കാര്‍ഷിക, സഹകരണ, വിദ്യാഭ്യാസ മേഖലകളില്‍ കാലത്തിന്റെ മാറ്റം ഉള്‍കൊണ്ട് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് വി ജി സുകുമാരന്‍ സമൂഹത്തിനുവേണ്ടി ചെയ്ത ഏറ്റവും വലിയ സേവനം.
വി ജി സുകുമാരന്റെ സേവനങ്ങളെ വേണ്ട രീതിയില്‍ അംഗീകരിക്കുവാന്‍ നമുക്ക് കഴിഞ്ഞില്ലെന്ന് അധ്യക്ഷത വഹിച്ച എം ബി രാജേഷ് എം.പി പറഞ്ഞു. ജില്ലയുടെ വികസനത്തിന് വി ജി സുകുമാരന്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സി പി മുഹമ്മദ് എം എല്‍ എ പറഞ്ഞു. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ എം എല്‍ എമാരായ എം ചന്ദ്രന്‍, കെ അച്യുതന്‍, ഷാഫി പറമ്പില്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി വി രാജേഷ്, വി രാധാകൃഷ്ണന്‍, വിശ്വനാഥന്‍, സി ജി മണി സംസാരിച്ചു. മുന്‍ എം.പി വി എസ് വിജയരാഘവന്‍ പിതൃസ്മരണയും വിജയന്‍ പൂക്കാടന്‍ ആമുഖ പ്രഭാഷണവും നടത്തി. ടി സുഭാഷ് ചന്ദ്രന്‍, എ സി സഹദേവന്‍ എന്നിവരെ ചടങ്ങില്‍ ആചരിച്ചു.