Connect with us

Palakkad

മുളയംകാവിലെ ബാലകലാകാരന്‍മാര്‍ ഒരുങ്ങി

Published

|

Last Updated

പട്ടാമ്പി: ഉത്സവങ്ങള്‍ക്ക് മേളക്കൊഴുപ്പേകാന്‍ മുളയംകാവിലെ ബാലകലാകാരന്‍മാര്‍ അരങ്ങേറ്റത്തിനൊരുങ്ങി. കേരളീയ വാദ്യകലാരംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ തഴക്കവുമായി മുളയംകാവിലെ മാധവ വിദ്യാലയമാണ് ഇളം കൈകളാല്‍ പ്രണവനാദത്തിന്റെ സംഗീതം പൊഴിക്കാന്‍ 30 വിദ്യാര്‍ഥികളെ പുറത്തിറക്കുന്നത്.
കോവിലങ്ങളില്‍ മാധവനാശന്റെ സ്മാരകമായി 1993ലാണ് മുളയംകാവില്‍ മാധവ വിദ്യാലയം രൂപം കൊള്ളുന്നത്. വാദ്യകലയെ ജനകീയമാക്കുകയാണ് ലക്ഷ്യം. പാലക്കാടിന് പുറമെ മലപ്പുറം, തൃശൂര്‍, ഏറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നിരവധി പേര്‍ ഇവിടെ വാദ്യപഠനം നടത്തുന്നു. വാദ്യകലയുടെ മുളയംകാവ് ശൈലിയിലാണ് ഈ ഗ്രാമത്തിന്റെ വാദ്യപ്രയാണം. സ്‌കുള്‍ കലോത്സവ വേദികളില്‍ ഇവിടെ നിന്നും പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികള്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പഞ്ചാരി മേളം, പാണ്ടിമേളം, തായമ്പക, പൂജക്കൊട്ട്, ഇടക്കവാദനം എന്നിവയെല്ലാം ഇവിടെ അഭ്യസിപ്പിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും സ്ഥാപനത്തിനുണ്ട്.
മുളയംകാവ് അരവിന്ദാക്ഷനാണ് വിദ്യാലയം പ്രിന്‍സിപ്പല്‍, അജിത്, ബിനേഷ്, ബിജു എന്നിവര്‍ അധ്യാപകരാണ് . 23 പേര്‍ പഞ്ചാരിമേളത്തിലും 7 പേര്‍ തായമ്പകയിലും അരങ്ങേറ്റം നടത്തും.
ഒരു വര്‍ഷമാണ് പരിശീലനത്തിന്റെ കാലാവധി, താള ക്രമീകരണങ്ങളും കോല്‍ക്കന മികവും ചിട്ടപ്പെടുത്തുന്നതിന്റെ അവസാനഘട്ട പരിശീലനത്തിലാണ് വിദ്യാലയ അധികൃതര്‍, വിജയദശമി ദിനമായ ഇന്നലെ 21ാംമത് അരങ്ങേറ്റം കാണാന്‍ നിരവധി പേരെത്തിയിരുന്നു.