Connect with us

Malappuram

2.75 കോടിയുടെ കാഞ്ഞിരക്കുന്ന് കോളനി നവീകരണ പദ്ധതിക്ക് തുടക്കം

Published

|

Last Updated

പെരിന്തല്‍മണ്ണ: ജൂബിലി റോഡ് വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞിരക്കുന്ന് കോളനിയില്‍ പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള കൈവശാവകാശ രേഖ നല്‍കി.
പെരിന്തല്‍മണ്ണ കെ എം എം യു പി സ്‌കൂളില്‍ നടന്ന കൈവശാവകാശ രേഖ സമര്‍പ്പണത്തിന്റെ ഉദ്ഘാടനം നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. കോളനിയിലെ പുനരധിവസിപ്പിക്കപ്പെട്ട 29 കുടുംബങ്ങള്‍ക്കാണ് കൈവശാവകാശ രേഖ നല്‍കിയത്. ഇവര്‍ക്കുള്ള പട്ടയത്തിന്റെ നടപടിക്രമങ്ങള്‍ അധികം വൈകാതെ പൂര്‍ത്തിയാകും.
വാസയോഗ്യമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന കുടുംബങ്ങളെ ചേരിനിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കാഞ്ഞിരക്കുന്ന് കോളനിയില്‍ പുനരധിവസിപ്പിയ്ക്കാനായതും ഏറെ വൈകിയാണെങ്കിലും കൈവശാവകാശ രേഖ നല്‍കാനായതും രാഷ്ട്രീയ വേര്‍തിരിവ്വില്ലാതെ ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. രാഷ്ടീയ പാര്‍ട്ടികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് വികസനം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരക്കുന്ന് കോളനിയെ മിനി ടൗണ്‍ഷിപ് ആക്കി മാറ്റുന്നതിനുള്ള 2.75 കോടിയുടെ നവീകരണ പദ്ധതി പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോളനിയിലെ വീടുകളുടെ നവീകരണം, നടപ്പാത കോണ്‍ക്രീറ്റ് ചെയ്യല്‍, സമഗ്ര സ്ടീറ്റ് ലൈറ്റ് പദ്ധതി, വീടില്ലാത്തവര്‍ക്ക് ഫഌറ്റ്, നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവര്‍ക്കുള്ള സമ്പൂര്‍ണ “സാന്ത്വനം” പുനരധിവാസ കേന്ദ്രം, “വയോമിത്രം” വൃദ്ധക്ഷേമ മന്ദിരം, നഗരസഭാ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, കോളനി റോഡുകളുടെ നവീകരണം, കോളനിയില്‍ അങ്കണ വാടി കെട്ടിടനിര്‍മാണം എന്നിവ ഉള്‍പ്പെടുന്നതാണ് നവീകരണ പദ്ധതി.
2000-ല്‍ നഗരസഭ മൂന്ന് സെന്റ് ഭൂമിയും വീടും നല്‍കി പുനരധിവസിപ്പിച്ച ശേഷം കോളനിയുടെ വികസനത്തിനാവശ്യമായ മൂന്ന് റോഡുകള്‍ നിര്‍മിച്ച് നല്‍കി. കൂടാതെ കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈന്‍, കിണര്‍, പൊതു ടോയ്‌ലറ്റ്, അങ്കണ വാടി എന്നിവയുള്‍പ്പെടെ 1.55 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നഗരസഭ നടപ്പിലാക്കിയത്.
പരിപാടിയില്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി എസ് സെയ്ഫുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ എം മുഹമ്മദ് സലീം, മുന്‍ വിദ്യാഭ്യാസ മന്ത്രി എന്‍ സൂപ്പി, ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം കെ ശ്രീധരന്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ടി പ്രേമലത, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ പി സുശീല, വി ബാബുരാജ് സംസാരിച്ചു.