Connect with us

Malappuram

തിരൂരിലും ഷൊര്‍ണൂരിലും മിനിപാസ്‌പോര്‍ട്ട് ഓഫീസുകള്‍ ആരംഭിക്കുന്നു

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് കീഴില്‍ മിനി സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്റെ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്. ഏറെ അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ തിരൂരിലും പാസ്‌പോര്‍ട്ട് ഓഫീസില്ലാത്ത പാലക്കാട് ജില്ലയിലുമാണ് മിനിസേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനമായിട്ടുള്ളത്. പാലക്കാട്ട് ഷൊര്‍ണൂരിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുകയും തുടര്‍നടപടികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. നിലവില്‍ പാലക്കാട് ജില്ലയിലുള്ളവര്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ രണ്ടാമതൊരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വേണമെന്നത് നേരത്തെ മുതലുളള ആവശ്യമാണ്. കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളും മിനി പാസ്‌പോര്‍ട്ട് ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വിദേശ കാര്യമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭുവേനശ്വറിലും ഗോവയിലും ഇപ്പോള്‍ മിനി സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ മാതൃകയില്‍ തന്നെയാകും കേരളത്തിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഇപ്പോഴുള്ള സേവാകേന്ദ്രത്തിന്റെ അത്ര തന്നെ സൗകര്യങ്ങളുണ്ടാകില്ലെങ്കിലും ഇവിടെയുള്ളതിന്റെ പകുതിയോളം പേര്‍ക്ക് ഇവിടെ നിന്ന് സേവനം ലഭ്യമാക്കാനാകും. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വഴി ദിനംപ്രതി ആയിരം അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നത്. അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് 900 എന്നത് ആയിരമാക്കി ഉയര്‍ത്തുകയായിരുന്നു. മിനി സേവാകേന്ദ്രങ്ങള്‍ തുറക്കുന്നതോടെ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുമെന്നതിനാല്‍ കൂടുതല്‍ പേരുടെ അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യവുമൊരുക്കും. ഇതോടെ മലപ്പുറം മൂന്നാംപടി സേവാകേന്ദ്രത്തിലെ തിരക്ക് കുറക്കാനും സാധിക്കും. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് കഴിഞ്ഞ മാസം ലഭിച്ച 15,600 അപേക്ഷകളില്‍ 10,575 പുതിയ പാസ്‌പോര്‍ട്ടുകളാണ് വിതരണം ചെയ്തത്. ആഗസ്റ്റില്‍ ലഭിച്ച 15,477 അപേക്ഷകളില്‍ 14,550 പാസ്‌പോര്‍ട്ടുകളും നല്‍കി. സേവാ കേന്ദ്രങ്ങള്‍ തുറന്നതോടെ അപേക്ഷിച്ച് പതിനഞ്ച് ദിവസത്തിനകം പാസ്‌പോര്‍ട്ട് വിതരണം ചെയ്യാനാകുന്നുണ്ട്. പോലീസ് വെരിഫിക്കേഷന്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകുമ്പോഴാണ് വിതരണം വൈകുന്നത്.

 

Latest