Connect with us

Kottayam

ശരിയായ മതവിശ്വാസമില്ലാത്തതിനാല്‍ ഹൈന്ദവര്‍ ലൗ ജിഹാദില്‍ കുടുങ്ങുന്നു: സുകുമാരന്‍ നായര്‍

Published

|

Last Updated

ചങ്ങനാശ്ശേരി: ശരിയായ മതവിശ്വാസം ഇല്ലാത്തതാണ് ഹൈന്ദവരില്‍ പലരും ലൗജിഹാദില്‍ കുടുങ്ങാന്‍ കാരണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
മതത്തെ സംബന്ധിച്ച് ശരിയായ അറിവുലഭിച്ചാല്‍ ആര് മാടിവിളിച്ചാലും ഒരു ഹൈന്ദവനും പോകില്ലെന്ന് ചങ്ങനാശ്ശേരി താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന നൂറാമത് വിജയദശമി-നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ഇന്ന്് മതപാഠശാലകള്‍ നടത്തുന്നുണ്ടെങ്കിലും അതെല്ലാം രാഷ്ട്രീയക്കാര്‍ കൈകാര്യം ചെയ്യുന്നതാണ്. ഹിന്ദുവിന്റെ തലയില്‍ ഒന്നും കയറരുതെന്ന ചിന്താഗതിയാണ് അവര്‍ക്കുള്ളത്. ഇതിന് പരിഹാരമായി കേരളത്തിലെ മുഴുവന്‍ എന്‍ എസ് എസ് കരയോഗങ്ങളിലും ഡിസംബറോടെ ആധ്യാത്മിക പഠനശാലകള്‍ ആരംഭിക്കും. സ്വാതന്ത്ര്യ ലബ്ദിക്കുശേഷം മാറിമാറി വന്ന സര്‍ക്കാറുകള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ നീതി നിഷേധിക്കുകയും ന്യൂനപക്ഷ വിഭാഗത്തെ അനര്‍ഹമായി പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്.
ഇതിനെതിരെയാണ് എസ് എന്‍ ഡി പിയുമായി എന്‍ എസ് എസ് യോജിച്ചു പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്തുമില്ലാത്തതുപോലെ അവഗണനയുടെ തീവ്രത വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ സമുദായം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അതിന്റെകൂടെ ആരൊക്കെയുണ്ടെന്ന് നോക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടാണ് തങ്ങള്‍ സ്വീകരിക്കുന്നത്.
ദേശീയ തലത്തില്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപവത്കരിക്കാന്‍ വേണ്ടി ഏതറ്റം വരെയും എന്‍ എസ് എസ് പോകും. മുന്നാക്കക്കാരുടെ പേരില്‍ പോയിട്ടുള്ള ഒറ്റ എം പി പോലും ഇതുവരെയും ഇതിനായി കേന്ദ്രത്തില്‍ ശബ്ദിച്ചിട്ടുപോലുമില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. .എന്‍ എസ് എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

 

Latest