Connect with us

Kannur

ഐ എന്‍ എല്‍ ഇടത് പ്രവേശം നീളുന്നു

Published

|

Last Updated

കണ്ണൂര്‍: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഇടത് മുന്നണി പ്രവേശം നീളുന്ന സാഹചര്യത്തില്‍ നേതാക്കള്‍ സി പി എം നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി. കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സന്ദര്‍ശിച്ചാണ് ഐ എന്‍ എല്ലിന്റെ സംസ്ഥാന നേതാക്കള്‍ കത്ത് നല്‍കിയത്. വിഷയത്തെക്കുറിച്ച് അടുത്തുതന്നെ സംസാരിക്കാമെന്നും തീരുമാനമെടുക്കാമെന്നും നേതാക്കള്‍ക്ക് പിണറായി ഉറപ്പ് നല്‍കി.

നേരത്തെ ഐ എന്‍ എല്‍ മുന്നണി പ്രവേശം സംബന്ധിച്ച് പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടും ഐ എന്‍ എല്ലിനെ ഘടക കക്ഷിയായി ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടി നേതാക്കളിലും അണികളിലും അമര്‍ഷം ശക്തമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും മുന്നണി പ്രവേശം സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്ത് നിര്‍ത്തി പിന്തുണക്കുന്ന അവസ്ഥയുണ്ടാകരുതെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
1994ല്‍ മുസ്‌ലിം ലീഗിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപവത്കരിച്ചതിന് ശേഷം ചെറിയ കാലയളവ് ഒഴിച്ചാല്‍ പാര്‍ട്ടി ഇടത് മുന്നണിയോടൊപ്പമാണ് പ്രവര്‍ത്തിച്ചുവരുന്നത്. 2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇടത് ബന്ധം വിച്ഛേദിച്ച് പാര്‍ട്ടി മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ഥികള്‍ ഇടത് പിന്തുണയോടെ മത്സരിച്ചിരുന്നു.
പ്രാദേശിക സാഹചര്യമനുസരിച്ച് ഐ എന്‍ എല്ലിനെ പോലുള്ള പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി പി എം ദേശീയ നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടും ഐ എന്‍ എല്ലിന്റെ പച്ചക്കൊടി ഇപ്പോഴും മുന്നണിക്ക് പുറത്താണ്. ഘടക കക്ഷികള്‍ക്ക് ഐ എന്‍ എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. സി പി ഐക്ക് പോലും ഇപ്പോള്‍ അനുകൂല നിലപാടുണ്ട്. മാത്രമല്ല, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എതിര്‍പ്പില്ല. എല്‍ ഡി എഫില്‍ ഘടകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നിരവധി കത്തുകള്‍ ഐ എന്‍ എല്‍ നേതൃത്വം മുന്നണി നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച അജന്‍ഡ യോഗത്തില്‍ വെച്ചിട്ടില്ല. ഐ എന്‍ എല്‍ വിഷയം അജന്‍ഡയായി വന്നാല്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ഘടകകക്ഷികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സി പി എം തുറന്ന സമീപനം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
മുസ്‌ലിംകളെ അടുപ്പിക്കാനായി സി പി എം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ഐ എന്‍ എല്ലിനെ ഇപ്പോഴും പുറത്തുനിര്‍ത്തുന്നത്.
മുസ്‌ലിം ലീഗിന് ബദലായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷനല്‍ ലീഗിനെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തിയാല്‍ മുസ്‌ലിം പിന്തുണ വര്‍ധിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലബാറിലെ മുസ്‌ലിങ്ങളും ന്യൂനപക്ഷവും എന്ന വിഷയത്തില്‍ സി പി എം അനുകൂല സംഘടനകള്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലും ഇക്കാര്യം സി പി എം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സെമിനാറില്‍ സംസാരിച്ച എം ഇ എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂറും ഇതേ വിഷയം ഉന്നയിച്ചിരുന്നു.

Latest