Connect with us

Kollam

18 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: ആന്ധ്രാപ്രദേശ്, ഒറീസ എന്നിവടങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം നാഗര്‍കോവിലില്‍ എത്തിച്ച് കേരളത്തില്‍ വിതരണം ചെയ്യു ന്ന രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആവശ്യക്കാര്‍ക്ക് മൊത്തക്കച്ചവടമായി വിതരണം നടത്തുന്ന റാക്കറ്റിലെ തലവനടക്കം രണ്ട് പേരെയാണ് 18 കിലോ കഞ്ചാവുമായി കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് തേനി ആണ്ടിപ്പട്ടി തൊടുവെള്ളി മലൈശാലൈയില്‍ ജഗന്നാഥന്‍ (40), തിരുവനന്തപുരം ചെങ്കല്‍ച്ചൂള സ്വദേശി കള്ളന്‍ കുമാര്‍ എന്നു വിളിക്കുന്ന കുമാര്‍ (49) എന്നിവരെയാണ് പിടികൂടിയത്. ജഗന്നാഥനില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇത് പരിശോധിച്ചതില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 150 ഓളം ചെറുകിട കച്ചവടക്കാരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
എം എ, ബി എഡ് ബിരുദധാരിയായ ജഗന്നാഥന്‍ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തിവരികയായിരുന്നു. തിരുവനന്തപുരം, വിഴിഞ്ഞം ഹാര്‍ബര്‍, കോവളം, വര്‍ക്കല, നീണ്ടകര തുറമുഖം, പള്ളിത്തോട്ടം, അടൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാനപ്പെട്ട കോളനികള്‍ എന്നിവടങ്ങളിലെല്ലാം ചില്ലറ വില്‍പ്പന നടത്തുന്നത് ജഗന്നാഥനില്‍ നിന്ന് വാങ്ങുന്ന കഞ്ചാവാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ജഗന്നാഥന്‍ പോലീസ് പിടിയിലാകുന്നത്.
തിരുവനന്തപുരം നഗരത്തില്‍ വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നതില്‍ പ്രധാനിയാണ് പിടിയിലായ കുമാര്‍. നേരത്തെ നിരവധി മോഷണകേസ്സുകളില്‍ പ്രതിയായ ഇയാള്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ കേഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. തമ്പാനൂര്‍, ഫോര്‍ട്ട്, മ്യൂസിയം, കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് വില്‍പ്പന നടത്തിയതിന് കുമാറിനെതിരെ 20 ഓളം കേസ്സുകള്‍ നിലവിലുണ്ട്. കൊല്ലത്തെ കുപ്രസിദ്ധരായ രണ്ട് കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിക്കാന്‍ വേണ്ടിയാണ് ഇവര്‍ കൊല്ലത്തെത്തിയത്. തമിഴ്‌നാട് കമ്പം, തേനി ജില്ലകളില്‍ ജഗന്നാഥന് സ്വന്തമായി കഞ്ചാവ് കൃഷി ഉണ്ടെന്നുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസ്സിസ്റ്റന്റ് കമ്മീഷണണര്‍ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സി ഐ. എസ് ഷെറീഫ്, കൊല്ലം ഈസ്റ്റ് എസ് ഐ. ജി ഗോപകുമാര്‍, എ എസ് ഐ സുനില്‍, ഗ്രേഡ് എസ് ഐമാരായ സുദര്‍ശനന്‍പിള്ള, സുരേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ്പ്രകാശ്, പ്രസന്നകുമാര്‍, അനന്‍ ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത്ത്, ഹരിലാല്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.