Connect with us

National

മുന്‍ കേന്ദ്രമന്ത്രി മോഹന്‍ ദാരിയ അന്തരിച്ചു

Published

|

Last Updated

പൂനെ: മുന്‍ കേന്ദ്ര മന്ത്രിയും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമായിരുന്ന മോഹന്‍ ദാരിയ അന്തരിച്ചു. ദീര്‍ഘകാലം ചികിത്സയിലായിരുന്ന അദ്ദേഹം സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1971 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് ഭാരതീയ ലോക് ദളില്‍ ചേര്‍ന്നു. 1977 ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ധനമന്ത്രിയായി. മഹാരാഷ്ട്രയിലെ റെയ്ഗഢ് ജില്ലയില്‍ മഹാദ് പട്ടണത്തില്‍ 1925 ഫെബ്രുവരി 14 ന് ജനിച്ചു. സ്വന്തം ഗ്രാമത്തില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പൂനെയില്‍ നിന്ന് നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. പരിസ്ഥിതി പ്രവര്‍ത്തകനായും കര്‍ഷകരുടെ അവകാശ സംരക്ഷണ പോരാളിയായും ശ്രദ്ധേയനായി. വന്റായ് എന്ന സംഘടന രൂപവത്കരിച്ച് 2.5 കോടി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായ ദാരിയയെ, 2005ല്‍ പത്മ വിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ഭാര്യ: ശശികല. മക്കള്‍: സുശീല്‍, രവീന്ദ്ര, സാധനാ ഷാറോഫ്.

Latest