Connect with us

National

അമേരിക്കന്‍ കപ്പല്‍ അതിര്‍ത്തി ലംഘിച്ചത് ഗൗരവമായി കാണുന്നുവെന്ന് കേന്ദ്രം

Published

|

Last Updated

ന്യുഡല്‍ഹി: വെള്ളിയാഴ്ച കന്യാകുമാരിക്കടുത്ത് തൂത്തുക്കുടിയില്‍ വന്‍ ആയുധ ശേഖരവുമായി അമേരിക്കന്‍ കപ്പല്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാറില്‍ നിന്ന് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആയുധ ശേഖരത്തിന് പുറമെ കപ്പല്‍ അനധികൃതമായി ഡീസല്‍ വാങ്ങിയിരുന്നു. തീരദേശ സേന തടഞ്ഞ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എം വി സീമാന്‍ ഗാര്‍ഡ് എന്ന കപ്പല്‍.
സായുധ കപ്പല്‍ ജലാതിര്‍ത്തി കടന്നുവെന്നതും നിയമവിരുദ്ധമായി ഡീസല്‍ വാങ്ങിയെന്നതും ഗൗരവമേറിയ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 10 ജോലിക്കാര്‍ക്കും 25 സായുധരായ ഗാര്‍ഡുകള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കപ്പല്‍ ജോലിക്കാരില്‍ 10 പേരും സുരക്ഷാ ഗാര്‍ഡുമാരില്‍ നാല് പേരും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 14 പേര്‍ എസ്റ്റോണിയക്കാരും, നാല് പേര്‍ ബ്രിട്ടീഷുകാരും, ഒരാള്‍ ഉക്രൈന്‍കാരനുമാണ്. അനധികൃതമായി ഡീസല്‍ സംഭരിച്ചതിന് അവശ്യ ചരക്ക് നിയമമനുസരിച്ചും കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജലാതിര്‍ത്തി ലംഘിച്ചതിന് കപ്പലിലുള്ളവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനായില്ലെന്ന് പ്രതിരോധ ഏജന്‍സികള്‍ അറിയിച്ചു. ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് അനിവാര്യമായ രേഖകള്‍ കപ്പലിലെ ക്യാപ്റ്റന്റെ പക്കലില്ലായിരുന്നു. കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ സുരക്ഷാ ഏജന്‍സി ലഭ്യമാക്കിയവരാണ് കപ്പലിലുള്ള സായുധ ഗാര്‍ഡുകളെന്ന് ക്യാപ്റ്റന്‍ അവകാശപ്പെട്ടു.
സിറാ ലിയോണില്‍ രജിസ്റ്റര്‍ ചെയ്തതാണ് കപ്പല്‍. തൂത്തുക്കുടി തുറമുഖത്തേക്ക് കൊണ്ടുവന്നാണ് ഇന്ത്യന്‍ കോസ്റ്റല്‍ ഗാര്‍ഡും ഇന്ത്യന്‍ നാവിക സേനയും കസ്റ്റംസും ഇന്റലിജന്‍സ് ഏജന്‍സികളും കപ്പലിലുള്ളവരെ ചോദ്യം ചെയ്യുന്നത്. കടലില്‍ അനധികൃത ആയുധ വില്പനക്കായാണ് കപ്പല്‍ എത്തിയതെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest