Connect with us

National

ബാലസോറില്‍ രണ്ട് ലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

ഭുവനേശ്വര്‍/ ഹൈദരാബാദ്: ഒഡീഷയുടെയും ആന്ധ്രാപ്രദേശിന്റെയും തീരദേശ ജില്ലകളില്‍ വീശിയടിച്ച ഫായ്‌ലിന്‍ ചുഴലിക്കൊടുങ്കാറ്റിന് ഇരയായത് തൊണ്ണൂറ് ലക്ഷം ആളുകള്‍. 2,400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെങ്കിലും മുന്‍കൂട്ടി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനെ തുടര്‍ന്ന് വലിയ തോതിലുണ്ടാകാമായിരുന്ന മരണ നിരക്ക് കുറക്കാനായി. രണ്ട് സംസ്ഥാനങ്ങളിലുമായി 23 പേരാണ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചത്. മതിലിടിഞ്ഞ് വീണും വെള്ളപ്പൊക്കത്തിലുമാണ് കൂടുതല്‍ പേരും മരിച്ചത്.
അതേസമയം, രക്ഷാപ്രവര്‍ത്തന നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ട് ലക്ഷത്തിലേറെ പേര്‍ ബാലസോര്‍ ജില്ലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനക്കൊപ്പം (എന്‍ ഡി എം എ) സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കനത്ത മഴയില്‍ ബുദ്ധബലാംഗ് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചതുപ്പ് പ്രദേശങ്ങളിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. പതിനേഴ് ഗ്രാമങ്ങളിലായി തൊണ്ണൂറ് ലക്ഷം ആളുകളെ കൊടുങ്കാറ്റ് ബാധിച്ചതായി എന്‍ ഡി എം എ അധികൃതര്‍ അറിയിച്ചു. ബീഹാറില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് കോസി നദി കരകവിഞ്ഞൊഴുകുമെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് അയച്ച കത്തില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയ്‌റാം രമേഷ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ വ്യവസ്ഥകള്‍ക്ക് ഇളവ് നല്‍കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളുണ്ടായ ഗന്‍ജം ജില്ലയില്‍ നവീന്‍ പട്‌നായിക്ക് സന്ദര്‍ശനം നടത്തി. ദുരിതാശ്വാസ നടപടികള്‍ക്കായിരിക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, രണ്ട് ദിവസമായി താറുമാറായ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി അധിക സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചു. തകരാറിലായ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു വരികയാണ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലാണ് ഒഡീഷയുടെ തീരദേശ ജില്ലകളില്‍ കാറ്റ് വീശിയത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 വരെ ആയി കുറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഢിന്റെ വടക്കന്‍ മേഖലയിലും ഝാര്‍ഖണ്ഡിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അധികൃതര്‍ അറിയിച്ചു.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആന്ധ്രയിലും ഒഡീഷയിലുമായി ഒമ്പത് ലക്ഷത്തോളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചുഴലിക്കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ 95 ശതമാനത്തോളം ആളുകളെയും താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണിത്. ഒഡീഷയിലെ പന്ത്രണ്ട് ജില്ലകളെ കൊടുങ്കാറ്റ് ബാധിച്ചതായി സംസ്ഥാന റവന്യൂ മന്ത്രി എസ് എന്‍ പട്രോ പറഞ്ഞു. 2.34 ലക്ഷം വീടുകളാണ് തകര്‍ന്നത്. അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചതായും മന്ത്രി അറിയിച്ചു.