Connect with us

Editorial

'ബ്ലേഡി'ല്‍ നിന്ന് മുറിവേല്‍ക്കുന്നവര്‍

Published

|

Last Updated

സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ വിളയാട്ടം എത്ര മാരകമാണെന്ന് വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം പേയാട്ട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ വീട് തകര്‍ത്ത സംഭവം. ഒരു ബ്ലേഡ് സംഘത്തില്‍ നിന്നെടുത്ത സംഖ്യയുടെ പലിശ, സാമ്പത്തിക പ്രയാസം മൂലം “യഥാസമയം” തിരിച്ചടക്കാത്തതിന് പ്രതികാരമായാണ് രമാദേവി എന്ന സ്ത്രീയടെ വീട് ബ്ലേഡുകാര്‍ നിയഗിച്ച ക്വട്ടേഷന്‍ സംഘം ഇടിച്ചു നിരപ്പാക്കി കുടുംബത്തെ വഴിയാധാര മാക്കിയത്. രമാദേവി നേരത്തെ ഭൂമി പണയപ്പെടുത്തി ബേങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ്് ബാങ്ക് വസ്തു ജപ്തി ചെയ്യുന്ന ഘട്ടമെത്തിയപ്പോള്‍ സഹായവുമായി എത്തിയതായിരുന്നു ബ്ലേഡ് സംഘം. പണത്തിന് ഈടായി സംഘം ഭൂമി എഴുതി വാങ്ങി. ഈ രേഖയുടെ പിന്‍ബലത്തിലാണ് വീട് തകര്‍ത്തത്.
ക്വട്ടേഷന്‍ സംഘം വീട് പൊളിച്ചുതടുങ്ങിയപ്പോള്‍ രമാദേവി പോലീസിനെ വിവരമറിയിച്ചിട്ടും രണ്ടര മണിക്കൂറിന് ശേഷം ഏതാണ്ട് അവസാനിക്കാറായപ്പോഴാണത്രെ പോലീസെത്തിയത്. പോലീസുകാര്‍ക്ക് ബ്ലേഡ് മാഫിയയുമായുള്ള ബന്ധമാണോ വൈകാന്‍ കാരണമെന്ന് സന്ദേഹമുണ്ട്. സംസ്ഥാനത്തെ പല ബ്ലേഡ് സംഘങ്ങളുമായും പോലീസുകാര്‍ക്കുള്ള ബന്ധം പരസ്യമാണ്. ചില ബ്ലേഡ് സംഘങ്ങളില്‍ പോലീസുകാര്‍ കണ്ണികള്‍ പോലുമാണ്. തിരുവനന്തപുരത്ത് ഇതിനിടെ “ബ്ലേഡ് കണ്ണികളാ”ണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
രാവിലെ വായ്പ കൊടുത്ത് വൈകുന്നേരം തിരച്ചു വാങ്ങുന്ന “മീറ്റര്‍ പലിശ” മുതല്‍ ആഴ്ചപ്പലിശ, മാസപ്പലിശ തുടങ്ങി പല വിധ പലിശ ഇടപാടുകള്‍ ഇവര്‍ നടത്തിവരുന്നുണ്ട്. രാവിലെ 900 നല്‍കി വൈകുന്നേരം 1000 രൂപ തിരിച്ചു പിടിക്കുന്നതാണ് മീറ്റര്‍ പലിശ. കടമെടുത്ത സംഖ്യയോ പലിശയോ തിരിച്ചു നല്‍കിയില്ലെങ്കില്‍ അത് പിടിച്ചെടുക്കുന്നതിന് എന്ത് ക്രൂരതയും അവര്‍ കാണിക്കും. ഇക്കാര്യം ക്വട്ടേഷന്‍ സംഘങ്ങളാണ് നിര്‍വഹിക്കുന്നത്. സംസ്ഥാനത്തെ പല ബ്ലേഡ് മാഫിയകളും സ്വന്തം ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നവരോ, പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരോ ആണ്. കടയുടെയോ, വീടിന്റെയോ ആധാരം, ഒപ്പിട്ട മുദ്രപത്രം, സംഖ്യ രേഖപ്പെടുത്താത്ത ചെക്കുകള്‍ തുടങ്ങവയാണ് അവര്‍ ഈടായി വാങ്ങുന്നത്. തിരിച്ചടവ് നിന്നാല്‍ മുദ്രപത്രത്തിലും ചെക്കിലും ഇഷ്ടാനുസരണം എഴുതിച്ചേര്‍ത്ത് ഭീഷണിപ്പെടുത്തി വീടും സ്ഥലവും കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. പുരുഷന്മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളാണ് കൂടുതലും ഇവരുടെ കെണിയില്‍പെടുന്നത്.
ഈട് വസ്തുക്കള്‍ തന്ത്രപരമായോ, ഭീഷണിപ്പെടുത്തിയോ കൈവശപ്പെടുത്തുന്നവരുമുണ്ട് ബ്ലേഡ് മാഫിയകളില്‍. കൊല്ലത്ത് ഒരു സ്ത്രീക്ക് ഈട് വസ്തുവായ ഭൂമി തിരിച്ചു നല്‍കാന്‍ വിസമ്മതിച്ച കേസില്‍ സീന എന്നൊരു സ്ത്രീ കഴിഞ്ഞ ജൂണില്‍ പോലീസ് പിടിയിലായിരുന്നു. പാരിപ്പള്ളി സ്വദേശിയായ ഒരു സത്രീ സീനയുടെ കൈയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങി. ഈടായി 17 ലക്ഷം രൂപ വിലമതിക്കുന്ന വസ്തു എഴുതി നല്‍കുകയും ചെയ്തു. വായ്പാ സംഖ്യ പൂര്‍ണമായും തിരികെ നല്‍കിയ ശേഷം വസ്തു തിരിച്ചെഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സീന വഴങ്ങിയില്ല. ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആ സ്ത്രീയെ തിരിച്ചയക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ബ്ലേഡുകാരി പലരില്‍ നിന്നും ഇപ്രകാരം ഭൂമി ഈടായി വാങ്ങി പിന്നീട് ് തിരിച്ചു നല്‍കാതെ ഉയര്‍ന്ന വിലക്ക് മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ചികില്‍സ, വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നാട്ടിന്‍പുറത്തുകാര്‍ കൂടുതലും ബ്ലേഡുകാരില്‍ നിന്നാണ് വായ്പ വാങ്ങുന്നത്. ബേങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള പ്രയാസങ്ങളും പലിശ കൂടുതലാണെങ്കിലും ബ്ലേഡുകാരില്‍ നിന്ന് ലഭിക്കാന്‍ നിയമത്തിന്റെ നൂലാമാലകളില്ലെന്നതുമാണ് ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്. ബ്ലേഡ് മാഫിയയുടെ പിടിയില്‍ പെട്ടു കിടപ്പാടം നഷ്ടപ്പെടുക മാത്രമല്ല, മാനഹാനി ഭയന്ന് ജീവനൊടുക്കിയവരുമുണ്ട് നിരവധി. ഇവരെ നിയന്ത്രിക്കാന്‍ രാജ്യത്ത് നിയമമുണ്ട്. പല പ്രദേശങ്ങളിലും ബ്ലേഡ് മാഫിയാവിരുദ്ധ ജനകീയ സമിതികളും നിലവില്‍ വരികയുണ്ടായി. എന്നിട്ടും ഇവരുടെ വിളയാട്ടം തുടരുകയാണ്. ബേങ്കുകള്‍ വ്യവസ്ഥകള്‍ ലഘൂകരിച്ചു വായ്പാ നയം ഉദാരമാക്കുകയും പലിശ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും അധികൃതര്‍ ബ്ലേഡ് മാഫിയക്കെതിരായ നടപടികള്‍ ശക്തമാക്കുകയുമാണ് ഇവരെ നിയന്ത്രിക്കാനുള്ള മാര്‍ഗം. ബ്ലേഡുകാര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും നിയമത്തിന്റെ മുമ്പാകെ കൊണ്ടുവരാനുമുള്ള സംവിധാനങ്ങള്‍ ശക്തമാക്കുകയും വേണം.

Latest