Connect with us

International

വടക്കന്‍ സിറിയയില്‍ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ സിറിയയിലെ ദര്‍കൗഷില്‍ സ്‌ഫോടനം. ഇരുപത് പേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന് പിന്നില്‍ സിറിയന്‍ വിമതരാണെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു. വിമതര്‍ക്ക് സ്വാധീനമുള്ള തുര്‍ക്കി അതിര്‍ത്തിയിലെ ഗ്രാമത്തിന് സമീപമാണ് ആക്രമണം നടന്നത്. തിരക്കേറിയ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവാകാശ സംഘടനയുടെ വക്താക്കള്‍ അറിയിച്ചു.
രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ തുര്‍ക്കി അതിര്‍ത്തിയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സ്‌ഫോടനങ്ങള്‍ വ്യാപകമാണ്. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള വിമത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയന്‍ സൈന്യം ആരോപിച്ചിരുന്നു.
സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ക്ക് നേരെ അടുത്തിടെ വിമത സൈന്യം ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. വിമതര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികളുടെ തലവെട്ടിയും മറ്റും ക്രൂരമായ ആക്രമണങ്ങള്‍ വിമത സൈന്യം നടത്തിയിരുന്നതായി മനുഷ്യാവാകശ പ്രവര്‍ത്തകര്‍ അറിയിച്ചു. ക്രൂരമായ യുദ്ധക്കുറ്റങ്ങളാണ് തുര്‍ക്കി അതിര്‍ത്തികളിലെ സിറിയന്‍ പ്രവിശ്യയില്‍ നടക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടര വര്‍ഷക്കാലമായി സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എന്‍ കണക്ക്.

Latest