Connect with us

Kasargod

ചന്തേരയിലും അമ്പലത്തറയിലും പ്രിന്‍സിപ്പല്‍ എസ് ഐമാരില്ല; പകരം നിയമനവുമില്ല

Published

|

Last Updated

കാഞ്ഞങ്ങാട്: ചന്തേരയിലും അമ്പലത്തറയിലും പ്രിന്‍സിപ്പല്‍ എസ്‌ഐമാരില്ല. ഇവിടെ പകരം നിയമനം നടത്താന്‍ നടപടിയുമില്ല. അമ്പലത്തറ എസ് ഐ. എം പി വിനീഷ്‌കുമാര്‍ വിവിഐപി സുരക്ഷാ പരിശീലനത്തിന് ഡല്‍ഹിയിലേക്ക് പോയി. ഒരുമാസം കഴിഞ്ഞേ അദ്ദേഹം തിരിച്ചെത്തുകയുള്ളു.
ചന്തേര എസ് ഐ. പി ആര്‍ മനോജ് വ്യക്തിപരമായ ആവശ്യത്തിന് നീണ്ട അവധിയിലും പ്രവേശിച്ചു. ഈ രണ്ട് സ്റ്റേഷനുകളിലും കേസുകളുടെ എണ്ണം കൂടുതലാണ്. അഡീഷണല്‍ എസ്‌ഐമാരുണ്ടെങ്കിലും പ്രിന്‍സിപ്പല്‍ എസ്‌ഐമാരുടെ സേവനം ഈ രണ്ട് സ്റ്റേഷനുകളിലും അനിവാര്യമാണെന്ന് പോലീസുകാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
പ്രിന്‍സിപ്പല്‍ എസ്‌ഐമാരുടെ ജോലി നിര്‍വ്വഹിക്കാന്‍ പ്രാപ്തരായ ഒട്ടേറെ എസ്‌ഐമാര്‍ ജില്ലയിലുണ്ട്. പദവി ലഭിക്കാത്തതിന്റെ പേരില്‍ ഇവരില്‍ പലരും ഓരോ സ്‌പെഷ്യല്‍ യൂണിറ്റില്‍ കുടുങ്ങി സമയം ചിലവഴിക്കുകയാണ്. ഇവരില്‍ നിന്ന് കഴിവും പ്രാപ്തരുമായ ആളുകളെ ലോക്കല്‍ സ്റ്റേഷനില്‍ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നുകഴിഞ്ഞിട്ടുമുണ്ട്.
അതിനിടെ കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി ചിലര്‍ ഈ ക്രൈം സ്‌ക്വാഡില്‍ തന്നെ പിടിച്ചുതൂങ്ങി കഴിയുകയാണ്. പ്രൊമോഷന്‍ ലഭിച്ചിട്ടുപോലും ഇതുവരെ കാക്കി ധരിക്കാത്ത എസ്‌ഐ വരെ ഈ സംഘത്തിലുണ്ട്. ക്രൈം സ്‌ക്വാഡിലുള്ള ചിലര്‍ സമീപകാലത്തൊന്നും ലോക്കല്‍ സ്റ്റേഷനില്‍ ജോലി ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Latest