Connect with us

Gulf

ഐക്യ സന്ദേശമോതി അറഫാ സംഗമം

Published

|

Last Updated

അറഫ: വിശ്വ മാനവികതയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ലക്ഷോപലക്ഷം വിശ്വാസികള്‍ അറഫാ സമതലത്തില്‍ ഒത്തുകൂടി. വന്‍കരകളും മഹാസമുദ്രങ്ങളും താണ്ടിയെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രവാചക സ്മൃതികള്‍ അയവിറക്കി, സ്‌നേഹവും സാഹോദര്യവും പങ്ക് വെച്ച് പ്രാര്‍ഥനാപൂരിതമായ പകലിനു ശേഷം അറഫയോടു വിടപറഞ്ഞു.

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… “നാഥാ നിന്റെ വിളിക്കിതാ ഞാനുത്തരം നല്‍കിയിരിക്കുന്നു” ലക്ഷക്കണക്കിന് വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തല്‍ബിയത്ത്, അറഫയുടെ മണ്ണിനെയും വിണ്ണിനെയും കോരിത്തരിപ്പിച്ചു. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയുമായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സൂര്യാസ്തമയം വരെ വിശ്വാസിവൃന്ദം അറഫയില്‍ കഴിച്ചുകൂട്ടി. ഭൂതകാലങ്ങളില്‍ ചെയ്തുപോയ പാപക്കറകള്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയാല്‍ കഴുകിക്കളഞ്ഞു. നമിറാ പള്ളിയുടെ മിനാരങ്ങള്‍ മഗ്‌രിബിന്റെ ബാങ്കൊലി മുഴക്കിയതോടെ അറഫാ മൈതാനത്ത് നിന്ന് മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങിയ തീര്‍ഥാടകര്‍ അവിടെ വെച്ച് മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ചു. പ്രഭാതം വരെ അവിടെ കഴിച്ചുകൂട്ടി.
സഊദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലു ശൈഖ് അറഫയിലെ നമിറാ പള്ളിയിലെ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം കൊടുത്തു. ഐക്യത്തിനും സമാധാനത്തിനും വേണ്ടി ജീവിതം പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹം ലോക മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. നിരപരാധികള്‍ കൊല ചെയ്യപ്പെടുന്ന സിറിയയിലെയും ഈജിപ്തിലെയും സാഹചര്യങ്ങളെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മസ്ജിദ് നമിറയുടെ പരിസരത്തും ജബല്‍ റഹ്മയുടെ ചുറ്റിലും ജനലക്ഷങ്ങളാണ് ഇന്നലെ തടിച്ചുകൂടിയത്.
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറഫയിലേക്ക് ഒഴുകിയെത്തിയത് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണ്. മതിയായ രേഖകളില്ലാതെ ഹജ്ജിന് ശ്രമിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന 70,000 പേരെ തിരിച്ചയച്ചതായും 38,000 പേരെ അറസ്റ്റ് ചെയ്തതായും സഊദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരെല്ലാം സുരക്ഷിതരായാണ് അറഫാ സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയതെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസില്‍ നിന്നറിയിച്ചു. തീര്‍ഥാടകര്‍ ഇന്ന് മിനായിലെത്തി ജംറത്തുല്‍ അഖബയില്‍ കല്ലെറിയല്‍ നിര്‍വഹിച്ച് ബലി കര്‍മം നടത്തും. ശേഷം “ത്വവാഫ് ഇഫാള” നിര്‍വഹിക്കുന്നതിനായി മക്കയിലേക്ക് തിരിക്കും.