Connect with us

International

സാമ്പത്തിക നൊബേല്‍ യു എസ് ഗവേഷകര്‍ക്ക്‌

Published

|

Last Updated

സ്റ്റോക്ക്‌ഹോം: ആസ്തി കമ്പോളത്തിലെ പ്രവണതകള്‍ പഠിക്കാന്‍ പുതിയ സങ്കേതങ്ങള്‍ ആവിഷ്‌കരിച്ച മൂന്ന് അമേരിക്കന്‍ ഗവേഷകര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍. യൂജീന്‍ എഫ് ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവരാണ് നൊബേലിന് അര്‍ഹരായത്. ആസ്തിവിലകള്‍ കണക്കാക്കുന്നതില്‍ ആധുനികമായ രീതികള്‍ക്ക് അസ്തിവാരമിട്ടവരാണ് ഈ ഗവേഷകരെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ബോണ്ട് വിലകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഹ്രസ്വകാലത്ത് പ്രവചിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തേക്കോ അതിലധികം കാലത്തേക്കോ എളുപ്പവുമാണ്. ഇത്തരം വൈരുധ്യങ്ങളെ അനാവരണം ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും ഇവരുടെ ഗവേഷണങ്ങള്‍ സഹായിക്കുന്നുവെന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തുന്നു.
ഫാമ(74)യും ഹാന്‍സനും(60) ചിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്. ഷില്ലര്‍(67) യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ഈയടുത്ത കാലത്ത് സാമ്പത്തിക നൊബേലില്‍ അമേരിക്കന്‍ സാന്നിധ്യം തുടര്‍ക്കഥയാണ്. 1999ന് ശേഷം അമേരിക്കക്കാരില്ലാത്ത നൊബേല്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നുതന്നെയുള്ള ഗവേഷകരായ ആല്‍വിന്‍ റോത്തിനും ലോയ്ഡ് ഷാപ്‌ലിക്കുമായിരുന്നു പുരസ്‌കാരം. ഡിസംബര്‍ പത്തിനു സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തിന്റെ അടിസ്ഥാനത്തില്‍ 1901ലാണ് നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങിയത്. വില്‍പ്പത്രത്തില്‍ സാമ്പത്തികശാസ്ത്ര സമ്മാനത്തിന് നിര്‍ദേശമുണ്ടായിരുന്നില്ല. പിന്നീട് സ്വീഡിഷ് കേന്ദ്ര ബേങ്കാണ് 1968ല്‍ ധനശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.